യുഎസിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് ഹെല്‍ത്ത് കാനഡ മീസില്‍സ് നോട്ടീസ് നല്‍കി

By: 600002 On: Mar 6, 2023, 8:34 AM

കഴിഞ്ഞ മാസം യുഎസിലെ കെന്റക്കിയിലെ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച മത സമ്മേളനത്തില്‍ കാനഡയില്‍ നിന്നും പങ്കെടുത്തവര്‍ക്ക് അഞ്ചാംപനി(മീസെല്‍സ്) ബാധിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഹെല്‍ത്ത് കാനഡ മീസെല്‍സ് നോട്ടീസ് പുറപ്പെടുവിച്ചു. അസുഖം ബാധിച്ചവര്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 17 നും 18നും അസ്ബറി സര്‍വകലാശാലയില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കാണ് അസുഖം ബാധിച്ചതായി സംശയിക്കുന്നത്. 

മീസെല്‍സ് വാക്‌സിനേഷന്‍ അപ്‌ഡേറ്റ് ചെയ്യാത്തവരാണെങ്കില്‍ ക്വാറന്റൈനില്‍ പോകണമെന്നും നിര്‍ദ്ദേശിച്ചു. ഇവര്‍ പ്രാദേശിക പൊതുജനാരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും വേണമെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി. 

കെന്റക്കി സമ്മേളനത്തില്‍ മീസെല്‍സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ലിനിക്കുകള്‍ക്കും പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ( സിഡിസി) അറിയിച്ചു. സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമായി ഏകദേശം 20,000 ത്തോളം പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.