വ്യാജ സന്ദേശം; ബാങ്ക് അക്കൗണ്ടുകളില്‍ 72 മണിക്കൂറിനുള്ളില്‍  വന്‍തുക നഷ്ടമായി 40ഓളം പേര്‍

By: 600021 On: Mar 6, 2023, 2:43 AM

മുംബൈയിലെ സ്വകാര്യ ബാങ്കില്‍ 40ഓളം കസ്റ്റമേഴ്സിനെ  അതിവിദഗ്ധമായി പറ്റിച്ച് തട്ടിപ്പ് സംഘം. 72 മണിക്കൂറിനുള്ളില്‍ നടന്ന തട്ടിപ്പില്‍ ചലചിത്ര താരങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടമായത് വന്‍ തുക. ബാങ്ക് അക്കൌണ്ട് ഇന്ന് ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പാന്‍ കാര്‍ഡ് അത്യാവശ്യമായി അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തവര്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടമായത്. ലിങ്ക്  ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയപ്പോള്‍ ബാങ്ക് ജീവനക്കാരിയെന്ന് വ്യക്തമാക്കിയ ഒരാളില്‍ നിന്ന് ഫോണ്‍ വിളി എത്തിയെന്നും ഒടിപി നല്‍കിയതോടെ പണം നഷ്ടമായെന്നുമാണ് പരാതിക്കാര്‍ വിശദമാക്കുന്നത്.  മുംബൈ നഗരത്തില്‍ മാത്രം മൂന്ന് ദിവസത്തിനുള്ളില്‍ 40 ഓളം എഫ്ഐആറുകളാണ് സമാന സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഫിഷിംഗ് സന്ദേശങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ 1.3 കോടിയുടെ തട്ടിപ്പ്  നടന്നെന്നും സൈബര്‍ പൊലീസ് വ്യക്തമാക്കി.