ജനങ്ങൾക്ക് ക്ഷമയും സഹിഷ്ണുതയും കുറവാണെന്നും വ്യത്യസ്തമായ അഭിപ്രായവും കാഴ്ചപ്പാടും അംഗീകരിക്കാനുള്ള മനസ്സില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ഇതിനാല്‍ തന്നെ ആരും ഏതു സമയത്തും സാമൂഹ്യമാധ്യമങ്ങളിൽ ട്രോൾ ചെയ്യപ്പെടാമെന്നും ജഡ്ജിമാർക്കുപോലും രക്ഷയില്ലെന്നും അമേരിക്കൻ ബാർ അസോസിയേഷന്‍ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം തടയാനുള്ള സംവിധാനങ്ങളും പരിശോധനകളും ഉണ്ടെങ്കിലും അത് ഫലം കാണുന്നില്ലെന്നും ശാരീരിക ആക്രമണങ്ങൾക്ക് പോലും ഇത്തരം പ്രവണത ഇടയാക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതി നടപടികളെക്കുറിച്ച് തെറ്റായ വാർത്തകൾ പരത്തിയ സാഹചര്യത്തിൽ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകൾക്ക് നിയന്ത്രണം വേണമെന്ന് 2017ൽ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും വനിതാ ജഡ്ജിമാരെ നിയമിക്കുന്നതിനെ പൂർണ്ണമായും പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.