ഗര്‍ഭനിരോധന ഗുളികളുടെ വിതരണം ഫാര്‍മസികള്‍ നിര്‍ത്തിവെക്കുന്ന തീരുമാനം അപലപനീയമെന്ന് വൈറ്റ് ഹൗസ്

By: 600084 On: Mar 4, 2023, 4:58 PM

പി പി ചെറിയാൻ, ഡാളസ്.

വാഷിംഗ്ടണ്‍ ഡി.സി.: ഗര്‍ഭനിരോധന ഗുളികകളുടെ വില്പനയും, വിതരണവും നിറുത്തി വെക്കുന്നതിന് റിപ്പബ്ലിക്കന്‍സ് നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമെന്നും, അപകടകരമാണെന്നും വൈറ്റ് ഹൗസ് വെള്ളിയാഴ്ച വൈകീട്ട് പ്രസ് സെക്രട്ടറിയാണ് മാധ്യമങ്ങളെ ഈ വിവരം അറിയിച്ചത്.

അമേരിക്കയിലെ മരുന്നു വിതരണ കമ്പനിയായ വാള്‍ഗ്രീനാണ് ഈ തീരുമാനം ആദ്യം പ്രഖ്യാപിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ കോം സ്‌റ്റോക്ക് ആക്ട് അനുസരിച്ചു നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാരുടെ ഭീഷിണിയെ തുടര്‍ന്നാണ് വാള്‍ഗ്രീന്‍ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്. എന്നാല്‍ കോസ്റ്റ്‌ക്കൊ, സി.വി.എസ്, ക്രോഗര്‍ എന്നിവ ഇതിനെകുറിച്ചു തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

ഗര്‍ഭഛിദ്രത്തെ വളഞ്ഞ വഴിയിലൂടെ നിരോധിക്കുവാന്‍ ശ്രമിക്കുന്നതിനെ എതിര്‍ക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി വെള്ളിയാഴ്ച വൈറ്റ് ഹൗസ് പ്രതിദിനം നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 60 രാജ്യങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷമായി ഗര്‍ഭഛിദ്രത്തിനു ഉപയോഗിച്ചുവന്നിരുന്ന മിഫ് പ്രിസ്റ്റോണ്‍ എന്ന മരുന്ന് ഇന്നും പ്രസക്തമാണെന്നും വൈറ്റ് ഹൗസ് സെക്രട്ടറി കൂട്ടിചേര്‍ത്തു.

എഫ്.ഡി.എ.യുടെ അംഗീകാരമുള്ള ഈ മരുന്നിന്റെ ഉപയോഗം അസാധുവാക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുന്നത് ദുരൂഹമാണ്. സംസ്ഥാനങ്ങളിലെ എതൊരു ജഡ്ജിക്കും ഇതിനനുകൂലമായി വിധി പ്രഖ്യാപിക്കുവാന്‍ കഴിയും. എന്നാല്‍ അതിനെ മറികടക്കുവാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് മുന്നോട്ടു വരുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.