37,000 അടിയില്‍ ടര്‍ബുലന്‍സ് അനുഭവപ്പെട്ടു; ലുഫ്താന്‍സ വിമാനം വഴിതിരിച്ചുവിട്ടു; ഏഴ് യാത്രക്കാര്‍ ആശുപത്രിയില്‍ 

By: 600002 On: Mar 3, 2023, 12:06 PM

ടെക്‌സാസിലെ ഓസ്റ്റിനില്‍ നിന്നും ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകുകയായിരുന്ന ലുഫ്താന്‍സ വിമാനത്തില്‍ കാര്യമായ ടര്‍ബുലന്‍സ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഷിംഗ്ടണ്‍ ഡള്ളസ് എയര്‍പോര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടതായും പരുക്കേറ്റ ഏഴ് വിമാനയാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ലുഫ്താന്‍സയുടെ A330 എയര്‍ബസാണ് ബുധനാഴ്ച ടര്‍ബുലന്‍സില്‍ ആടിയുലഞ്ഞത്. പിന്നീട് വൈകുന്നേരത്തോടെ വിമാനം വിര്‍ജീനിയയിലെ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി മെട്രോപൊളിറ്റന്‍ വാഷിംഗ്ടണ്‍ എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് അറിയിച്ചു. 

ടെന്നസിക്ക് മുകളിലൂടെ പറക്കുന്നതിനിടെ 37,000 അടി ഉയരത്തില്‍ ടര്‍ബുലന്‍സ് അനുഭവപ്പെടുകയായിരുന്നുവെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഏജന്‍സി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.