കാനഡയിലെ എല്ലാ സ്‌റ്റോറുകളും അടച്ചുപൂട്ടുന്നുവെന്ന് നോര്‍ഡ്‌സ്‌ട്രോം; 2,500 ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും 

By: 600002 On: Mar 3, 2023, 11:04 AM

കാനഡയില്‍ നിന്നും പ്രതീക്ഷിച്ച ലാഭം കൊയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടുന്നുവെന്ന് സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാഷന്‍ റീട്ടെയ്‌ലര്‍ നോര്‍ഡ്‌സ്‌ട്രോം. ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഇന്‍-സ്റ്റോര്‍ അടച്ചുപൂട്ടലിനോടനുബന്ധിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം കഴിഞ്ഞ ദിവസം മുതല്‍ അവസാനിപ്പിച്ചതായും കമ്പനി അറിയിച്ചു. കാനഡയില്‍ ആറ് നോര്‍ഡ്‌സ്‌ട്രോം സ്‌റ്റോറുകളും ഏഴ് നോര്‍ഡ്‌സ്‌ട്രോം റാക്ക് സ്‌റ്റോറുകളുമുണ്ട്. ടൊറന്റോ ഈറ്റണ്‍ സെന്ററില്‍ സ്ഥിതിചെയ്യുന്ന മുന്‍നിര സ്‌റ്റോറും അടച്ചുപൂട്ടും. യോര്‍ക്ക്‌ഡെയ്ല്‍ ഷോപ്പിംഗ് സെന്റര്‍, വോണ്‍ മില്‍സ് ഷോപ്പിംഗ് സെന്റര്‍, സിഎഫ് ഷെര്‍വേ ഗാര്‍ഡന്‍സ് എന്നിവടങ്ങളിലുമുള്ള കമ്പനി സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതില്‍ ഉള്‍പ്പെടുന്നു. 

ദീര്‍ഘകാല ബിസിനസ് കെട്ടിപ്പടുക്കാനും നിലനിര്‍ത്താനുമുള്ള പദ്ധതിയുമായാണ് 2014 ല്‍ കാനഡയില്‍ സ്റ്റോറുകള്‍ ആരംഭിച്ചതെന്നും എന്നാല്‍ പ്രതീക്ഷിച്ച ലാഭം നേടാന്‍ ഈ സ്‌റ്റോറുകള്‍ക്ക് സാധിച്ചില്ലെന്നും കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എറിക് നോര്‍ഡ്‌സ്‌ട്രോം പറഞ്ഞു.