കാനഡയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഏറ്റവും താങ്ങാനാകുന്ന വിലയില്‍ വീട് ലഭ്യമാകുന്ന 10 നഗരങ്ങളുടെ പട്ടികയില്‍ കാല്‍ഗറിയും എഡ്മന്റണും ഇടംനേടി. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എഡ്മന്റണ്‍ ഹോംസ് നടത്തിയ പഠനത്തില്‍ 46.4 ശതമാനം ടോട്ടല്‍ അഫോര്‍ഡബിളിറ്റി സ്‌കോറോടു കൂടി എഡ്മന്റണ്‍ അഞ്ചാം സ്ഥാനത്താണ്. എഡ്മന്റണില്‍ ഒരു വീടിന്റെ ശരാശരി വില ഏകദേശം 370,000 ഡോളറാണ്. അതേസമയം, കാല്‍ഗറിയുടെ ടോട്ടല്‍ അഫോര്‍ഡബിളിറ്റി സ്‌കോര്‍ 37.5 ശതമാനം. ഏഴാം സ്ഥാനത്താണ് കാല്‍ഗറി. കാല്‍ഗറിയില്‍ ഒരു വീടിന്റെ ശരാശരി വില ഹാഫ് മില്യണ്‍ ഡോളറിനു മുകളിലാണ്.
എഡ്മന്റണിലെ ആളുകള്‍ അവരുടെ വരുമാനത്തിന്റെ നാല് ശതമാനത്തിലധികം പ്രോപ്പര്‍ട്ടി ടാക്‌സിനും ഏകദേശം 1.90 ശതമാനം എനര്‍ജി ബില്ലുകള്‍ക്കുമായി ചെലവഴിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാല്‍ഗറിയിലുള്ളവര്‍ വരുമാനത്തിന്റെ ഏകദേശം മൂന്ന് ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സിനും 1.8 ശതമാനം എനര്‍ജി ബില്ലിനുമായി ചെലവഴിക്കുന്നു.
58.8 ശതമാനം സ്‌കോറോടു കൂടി സെന്റ്. ജോണ്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സസ്‌ക്കാച്ചെവനിലെ പ്രധാന രണ്ട് നഗരങ്ങളായ സസ്‌ക്കാറ്റൂണ്‍, റെജിന എന്നിവയാണ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ക്യുബെക്ക് സിറ്റി നാലാം സ്ഥാനവും മോണ്‍ട്രിയല്‍ ആറാം സ്ഥാനവും നേടി.