ക്രിപ്‌റ്റോകറന്‍സി തട്ടിപ്പിലൂടെ വിന്നിപെഗ് സ്വദേശിക്ക് 168,000 ഡോളര്‍ നഷ്ടമായതിന് പിന്നാലെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പോലീസ്. ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിനെക്കുറിച്ച് 2022 ഒക്ടോബറിലാണ് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പിനിരയായ വ്യക്തി മൂന്ന് മാസത്തിനുള്ളില്‍ ബിറ്റ്‌കോയിന്‍ പര്‍ച്ചേസ് ചെയ്തുവെന്നും കൂടുതല്‍ പണം സമ്പാദിക്കുവാനായി നിക്ഷേപം നടത്താനും തട്ടിപ്പുകാര്‍ ഇയാളോട് ആവശ്യപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.
തട്ടിപ്പിനിരയായ വ്യക്തി നിക്ഷേപിച്ച ഫണ്ട് ക്രിപ്‌റ്റോകറന്‍സിയുടെ മറ്റൊരു രൂപത്തിലേക്ക് മാറ്റുകയും വിദേശത്തേക്ക് പണം മാറ്റുകയും ചെയ്തതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്.
അന്വേഷണത്തിനൊടുവില്‍ 155,000 ഡോളര്‍ മൂല്യമുള്ള പണത്തിന്റെ ഭൂരിഭാഗവും വീണ്ടെടുക്കുവാനും ഇരയ്ക്ക് തിരികെ നല്‍കാനും പോലീസിന്റെ സൈബര്‍ യൂണിറ്റിന് കഴിഞ്ഞുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് കൃത്യമായ വിവരങ്ങള്‍ ആധികാരികമായി അറിഞ്ഞിരിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.