വിന്നിപെഗ് ഹെല്‍ത്ത് സയന്‍സസ് സെന്ററില്‍ ചികിത്സയ്ക്കായി കാത്തിരുന്ന രോഗി മരിച്ചു 

By: 600002 On: Mar 2, 2023, 9:19 AM

മാനിറ്റോബയിലെ ഏറ്റവും വലിയ ഹോസ്പിറ്റലായ വിന്നിപെഗ് ഹെല്‍ത്ത് സയന്‍സസ് സെന്ററിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ചികിത്സയ്ക്കായി കാത്തിരുന്ന രോഗി മരിച്ചു. ഫെബ്രുവരി 27നാണ് സംഭവം. ചികിത്സയ്ക്കായി ഒരു മണിക്കൂറിലധികം സമയം തിരക്കിനിടയില്‍ കാത്തിരുന്ന രോഗിയാണ് മരണമടഞ്ഞത്. രോഗി മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഹെല്‍ത്ത് സയന്‍സസ് വക്താവ് അറിയിച്ചു. നഴ്‌സുമാരുടെ കുറവും നിലവിലുള്ള നഴ്‌സുമാരുടെ ജോലി സമ്മര്‍ദ്ദവും കാത്തിരിപ്പ് സമയം വര്‍ധിക്കാന്‍ കാരണമാകുന്നതായി അധികൃതര്‍ പറയുന്നു. അതേസമയം, എല്ലാവരെയും ഒരുപോലെ എല്ലായ്‌പ്പോഴും നിരീക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് നഴ്‌സുമാരുടെ വിശദീകരണം. 

എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തുന്ന രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ മതിയായ കിടക്കകള്‍ ലഭ്യമല്ലാത്തതും, സൗകര്യങ്ങളില്ലാത്തതും രോഗികളെ വലയ്ക്കുന്നുണ്ട്. അതിനാല്‍ വെയ്റ്റിംഗ് റൂമില്‍ കാത്തിരിക്കുന്നവര്‍ അസ്വസ്ഥരാവുകയും ചെയ്യുന്നുണ്ട്. എങ്കിലും രോഗികളുടെ എണ്ണം കൂടി വരുന്നതിനാല്‍ പെട്ടെന്ന് നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത രീതിയിലാണെന്നും അധികൃതര്‍ പറയുന്നു.