ഉത്തരകൊറിയയിൽ ഹോളിവുഡ് സിനിമകൾക്കും സീരീസിനും വിലക്ക്; നിയമം ലംഘിച്ചാൽ വധശിക്ഷ

By: 600021 On: Mar 2, 2023, 1:15 AM

ഹോളിവുഡ് സിനിമകൾ  പാശ്ചാത്യ സംസ്‌കാരത്തിന് അടിമപ്പെടുത്തുമെന്നും  കുട്ടികള്‍ ഹോളിവുഡ് ചലച്ചിത്രങ്ങളോ സീരിസുകളോ കണ്ടാല്‍ മാതാപിതാക്കളെ തടവിലിടുമെന്നും ഉത്തര കൊറിയ.   പിടിക്കപ്പെടുന്ന കുട്ടികൾക്ക് അഞ്ച് വർഷം തടവ്  ശിക്ഷ നൽകാനും   രക്ഷിതാക്കളെ ആറ് മാസത്തേക്ക് ലേബർ ക്യാമ്പുകളിലേക്ക് അയക്കാനും നിയമം കടുപ്പിച്ച് കിം ഭരണകൂടം. കുട്ടികളുടെ വിദ്യാഭ്യാസം വീട്ടിൽ നിന്നാണ് ആരംഭിക്കേണ്ടത്. മാതാപിതാക്കള്‍  കുട്ടികളെ സോഷ്യലിസ്റ്റ് ആശയങ്ങള്‍  "ശരിയായി" പഠിപ്പിക്കാൻ  തയ്യാറാകണമെന്നും  ഒരോ ഉത്തര കൊറിയന്‍ പൌരനും സര്‍ക്കാരിൻ്റെ  അയല്‍വക്ക  യൂണിറ്റ് മീറ്റിംഗുകളിൽ പങ്കെടുക്കണമെന്നും  കിം ഭരണകൂടം  വ്യക്തമാക്കി. ഉത്തരകൊറിയയിലേക്ക് ഹോളിവുഡ് ചിത്രങ്ങളും മറ്റും എത്തിക്കുന്നത് വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കഴിഞ്ഞ വർഷം, ദക്ഷിണ കൊറിയൻ, അമേരിക്കൻ സിനിമകൾ കണ്ടതിന് രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളെ നാട്ടുകാർക്ക് മുന്നിൽ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. കെ-ഡ്രാമ എന്ന് അറിയിപ്പെടുന്ന ദക്ഷിണകൊറിയന്‍ സിനിമകളും സീരിസുകളും കാണുന്നതും വിതരണം ചെയ്യുന്നതും ഉത്തര കൊറിയയിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.