പി പി ചെറിയാൻ, ഡാളസ്.
ലോസ് ആഞ്ചലസ്: 2020 ലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മുന്‍ ലോസാഞ്ചലസ് ലോക്കേഴ്‌സ് താരം കോബി ബ്രായനം മക്കളും കൊല്ലപ്പെട്ട ചിത്രങ്ങള്‍ ഡെപ്യൂട്ടികള്‍ പങ്കിട്ട കേസ്സില്‍ കോബിയുടെ ഭാര്യ വനേസ ലോസ ആഞ്ചലസ് കൗണ്ടിക്കെതിരെ ഫയല്‍ ചെയ്ത നഷ്ടപരിഹാര കേസ്സില്‍ 28.85 മില്യണ്‍ ഡോളര്‍ നല്‍കുന്നതിനുള്ള കരാറില്‍ കൗണ്ടി അധികൃതര്‍ ഒപ്പുവെച്ചു.
കോബി ബ്രയാന്‍, മകള്‍ ജിയാന കൂടാതെ ഏഴുപേരാണ് അന്നത്തെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടത്തിന്റെ വേദനാ ജനകമായ ഫോട്ടോകള്‍ പരസ്യപ്പെടുത്തിയ ഡെപ്യൂട്ടികളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരുന്നതിന് വനേസ നടത്തിയ ധീരമായ പോരാട്ടത്തിന്റെ വിജയമാണ് ഈ തീര്‍പ്പിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഇവരുടെ അഭിഭാഷകന്‍ ലൂയിസ് ലി പറഞ്ഞു.
അപകടത്തിന് എട്ട് മാസങ്ങള്‍ക്കു ശേഷമാണ് വനേസ കേസ് ഫയല്‍ ചെയതത്. ഡപ്യൂട്ടികള്‍ അവരുടെ സ്വകാര്യ ക്യാമറകള്‍ ഉപയോഗിച്ചു അപകടത്തിന്റെ അനധികൃത ഫോട്ടോകള്‍ എടുത്ത് പരസ്യപ്പെടുത്തിയപ്പോള്‍ തനിക്ക് കടുത്ത വൈകാരിക ക്ലേശം അനുഭവപ്പെട്ടതായി പരാതിയില്‍ ചൂണ്ടികാണിച്ചിരുന്നു.
ഭാര്യയും മകളും നഷ്ടപ്പെട്ട ക്രിസ് ചെസ്റ്ററും ഈ കേസ്സില്‍ കക്ഷി ചേര്‍ന്നിരുന്നു. അപകടത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഇത്രയും തുക നഷ്ടപരിഹാരമായി നല്‍കുന്ന ആദ്യ സംഭവമാണിത്.