യാത്ര സുരക്ഷിതമാക്കാന്‍ ആല്‍ബെര്‍ട്ടയില്‍ പുതിയ റോഡ് നിയമങ്ങള്‍

By: 600002 On: Mar 1, 2023, 11:55 AM

റോഡ് സൈഡ് വര്‍ക്കേഴ്‌സ്, ഫസ്റ്റ് റെസ്‌പോണ്ടേസ് എന്നിവരെ സംരക്ഷിക്കുന്നതിനും യാത്ര സുരക്ഷിതമാക്കുന്നതിനുമായി ആല്‍ബെര്‍ട്ടയില്‍ പുതിയ റോഡ് സുരക്ഷാ നിയമങ്ങള്‍ ഈ വര്‍ഷം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. 2022 മാര്‍ച്ചില്‍ അവതരിപ്പിച്ച ആല്‍ബെര്‍ട്ടയുടെ ട്രാഫിക് സേഫ്റ്റി ഭേദഗതിയില്‍ നിന്നാണ് നിയമങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിയമം എന്നാണ് നിലവില്‍ വരുന്നത് എന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. 

മുമ്പ് ടോ ട്രക്കുകളും എമര്‍ജന്‍സി വര്‍ക്കര്‍മാരും കടന്നുപോകുമ്പോള്‍ ഡ്രൈവര്‍മാര്‍ വാഹനം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലേക്ക് കുറയ്‌ക്കേണ്ടി വന്നിരുന്നു. പുതിയ നിയമപ്രകാരം, റോഡരികിലെ മെയിന്റനന്‍സ് തൊഴിലാളികളുടെയും സ്‌നോപ്ലോ ഓപ്പറേറ്റര്‍മാരുടെയും ഉള്‍പ്പെടെ ഫ്‌ളാഷ് ലൈറ്റുകള്‍ അനുവദിക്കുന്ന ഏത് വാഹനത്തിനും സമീപം എത്തുമ്പോള്‍ വേഗത കുറയ്‌ക്കേണ്ടതുണ്ട്. 

ആല്‍ബെര്‍ട്ടയിലെ തിരക്കേറിയ റോഡുകളുടെയും ഹൈവേകളുടെയും അരികില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ എല്ലാവരെയും പുതിയ നിയമങ്ങള്‍ മികച്ച രീതിയില്‍ സംരക്ഷിക്കുമെന്ന് സിപിഎസ് ട്രാഫിക് സെക്ഷന്‍ സ്റ്റാഫ് സര്‍ജന്റ് റോബ് പാറ്റേഴ്‌സണ്‍ പറഞ്ഞു.