വിമാനയാത്രയ്ക്കിടെ ലഗ്ഗേജ് നഷ്ടപ്പെട്ട യാത്രക്കാരുടെ എണ്ണം ഏറ്റവും കൂടുതല്‍ കാനഡയില്‍: സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Mar 1, 2023, 11:37 AM

കാനഡയില്‍ ഏകദേശം മൂന്നിലൊന്ന് പേര്‍ക്ക്(32.1 ശതമാനം) വിമാനയാത്രയ്ക്കിടയില്‍ ലഗ്ഗേജ് നഷ്ടപ്പെട്ടതായി സര്‍വേ റിപ്പോര്‍ട്ട്. കമ്പയര്‍ ദി മാര്‍ക്കറ്റ് ഓസ്‌ട്രേലിയയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ലഗേജ് നഷ്ടപ്പെട്ടവരില്‍ 6.7 ശതമാനം പേരും തങ്ങളുടെ സാധനങ്ങള്‍ ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെന്ന് പറയുന്നു. കാനഡ, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ യാത്രക്കാരില്‍ നടത്തിയ സര്‍വേയില്‍ വിമാനയാത്രയ്ക്കിടെ ബാഗുകള്‍ നഷ്ടപ്പെട്ട യാത്രക്കാരുടെ എണ്ണം ഏറ്റവും കൂടുതല്‍ കാനഡയിലാണെന്ന് ചൂണ്ടിക്കാണിക്കുന്നു. യുഎസില്‍ 27.6 ശതമാനവും ഓസ്‌ട്രേലിയയില്‍ 24.5 ശതമാനവുമാണ് ഇതിന്റെ നിരക്ക്. 

മൂന്ന് രാജ്യങ്ങളിലെയും 90 ശതമാനം ആളുകള്‍ക്കും ലഗേജ് നഷ്ടപ്പെട്ടുവെന്ന് പറയുമ്പോള്‍ തന്നെ അത് ഒരു ഘട്ടത്തില്‍ തിരികെ ലഭിച്ചിട്ടുമുണ്ട്. 93 ശതമാനത്തിലധികം കനേഡിയന്‍ യാത്രക്കാര്‍ക്കും ഓസ്‌ട്രേലിയക്കാര്‍ക്കും അവരുടെ ലഗ്ഗേജ് തിരികെ ലഭിച്ചിട്ടുണ്ട്. ഏകദേശം 10 ശതമാനം അമേരിക്കക്കാര്‍ക്ക് ലഗ്ഗേജുകള്‍ തിരികെ ലഭിച്ചിട്ടില്ലെന്നും അതേസമയം 6.7 ശതമാനം കനേഡിയന്‍ യാത്രക്കാര്‍ക്കും 6.5 ശതമാനം ഓസ്‌ട്രേലിയക്കാര്‍ക്കും ലഗ്ഗേജുകള്‍ എന്നെന്നേക്കുമായി നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.