ടാക്‌സ് സീസണില്‍ കാനഡ റവന്യു ഏജന്‍സി ജീവനക്കാരുടെ സമരത്തിന് സാധ്യതയുള്ളതിനാല്‍ എത്രയും പെട്ടെന്ന് നേരിട്ടോ ഓണ്‍ലൈനായോ ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കണമെന്ന് ജനങ്ങള്‍ക്ക് വിദഗ്ധര്‍ നിര്‍ദ്ദേശം നല്‍കി. ടാക്‌സ് സീസണില്‍ ഫെബ്രുവരി 20 മുതല്‍ സിആര്‍എ പോര്‍ട്ടല്‍ വഴി ഫയല്‍ ചെയ്യാന്‍ സാധിക്കും. ഏപ്രില്‍ 30 ഞായറാഴ്ചയായതിനാല്‍ കാനഡയിലുള്ളവര്‍ക്ക് മെയ് 1 വരെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയമുണ്ട്.
സെല്‍ഫ് എംപ്ലോയ്‌മെന്റ് ഇന്‍കം ഉള്ളവര്‍ക്ക് കുടിശ്ശികയില്ലെങ്കില്‍ ജൂണ്‍ 15 വരെ സമയപരിധിയുണ്ട്. എങ്കിലും മെയ് 1 ആണ് അവസാന തിയതി.
ടാക്‌സ് ഫയല്‍ ചെയ്യാനുള്ള സമയപരിധി വരെ ആളുകള്‍ കാത്തിരിക്കുകയാണെന്ന് സി ആന്‍ഡ് വി ഇന്‍കത്തിന്റെ പ്രസിഡന്റ് ക്രിസ്റ്റല്‍ വോള്‍പ്പ് പറയുന്നു. എന്നാല്‍ സമയപരിധി വരെ കാത്തിരിക്കേണ്ടതില്ലെന്നും സ്‌ട്രൈക്ക് വോട്ടുകള്‍ നടക്കുന്നതിനാല്‍ ഉടന്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ മാസം പബ്ലിക് സര്‍വീസ് അലയന്‍സ് ഓഫ് കാനഡയും യൂണിയന്‍ ഓഫ് ടാക്‌സേഷന്‍ എംപ്ലോയീസും ചേര്‍ന്ന് 35,000 ത്തിലധികം സിആര്‍എ ജീവനക്കാര്‍ക്കായി രാജ്യവ്യാപകമായി സ്‌ട്രൈക്ക് വോട്ടുകള്‍ ആരംഭിച്ചിട്ടുണ്ട്.