മിസ്സിസാഗയില്‍ ഗവേഷണ സൗകര്യം വിപൂലീകരിക്കാനൊരുങ്ങി ആസ്ട്രസെനിക്ക; 500 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും 

By: 600002 On: Feb 28, 2023, 9:25 AM

മിസ്സിസാഗയില്‍ ഗവേഷണ സൗകര്യം വിപുലീകരിക്കാനൊരുങ്ങി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനക്ക. കാനഡയുടെ അംഗീകൃത കോവിഡ് വാക്‌സിനുകളുടെ ഡെവലപ്പര്‍ എന്ന നിലയില്‍ അറിയപ്പെടുന്ന കമ്പനി പുതിയ നിക്ഷേപ പദ്ധതിയിലൂടെ 500 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അറിയിച്ചു. സ്തനാര്‍ബുദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തുടങ്ങിയ മേഖലകളിലെ ക്ലിനിക് പഠനങ്ങളിലാണ് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ കോവിഡ്, വിട്ടുമാറാത്ത വൃക്കരോഗം എന്നിവയും ഗവേഷണത്തിന്റെ ഭാഗമായ മേഖലകളാണ്. അപൂര്‍വ്വ രോഗ ഗവേഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി മറ്റൊരു പുതിയ ഹബ്ബ് കൂടി സൃഷ്ടിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. 

കമ്പനിയുടെ ഈ വിപുലീകരണം ജിടിഎയില്‍ 500 ഓളം മിഡില്‍ക്ലാസ് തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അഭിപ്രായപ്പെട്ടു. അസുഖങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കേണ്ടതിന്റെയും രാജ്യത്തുടനീളം പങ്കിടുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും ട്രൂഡോ പരാമര്‍ശിച്ചു. 

പുതിയ മരുന്നുകള്‍ വികസിപ്പിക്കുന്നതിലും സങ്കീര്‍ണ്ായ രോഗങ്ങളെ സുഖപ്പെടുത്തുന്നതിലും ജിടിഎയിലെ ഈ വിപുലീകരണം നിര്‍ണായ പങ്ക് വഹിക്കുമെന്ന് ആസ്ട്രസെനക്ക കാനഡ പ്രസിഡന്റ് വ്യക്തമാക്കി.