ഫെഡറല്‍ ഗവണ്‍മെന്റ് ഡിവൈസുകളില്‍ ടിക്‌ടോക് നിരോധിച്ച് കാനഡ 

By: 600002 On: Feb 28, 2023, 9:06 AM


കനേഡിയന്‍ സര്‍ക്കാര്‍ ഇഷ്യു ചെയ്യുന്ന മൊബൈല്‍ഫോണുകളില്‍ ടിക് ടോക് നിരോധിച്ചതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കനേഡിയന്‍ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും അവര്‍ ഓണ്‍ലൈനില്‍ ആഹ്രഹിക്കുന്ന രീതിയില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ ഉപകരണങ്ങളില്‍ ആപ്പ് ബ്ലോക്ക് ചെയ്യുന്നതായി ട്രൂഡോ വ്യക്തമാക്കി. 

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവര്‍ക്ക് ഔദ്യോഗിക ആവശ്യത്തിനായി ലഭിച്ച ഫോണുകളില്‍ ഇനിമുതല്‍ ടിക്‌ടോക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവരുടെ സ്വന്തം ഡാറ്റയുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കുകയും ശരിയായ തീരുമാനം സ്വീകരിക്കാമെന്നും ട്രൂഡോ അറിയിച്ചു. 

രാജ്യത്തെ ആളുകളുടെ വ്യക്തഗത വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണിതെന്നും ട്രൂഡോ പറഞ്ഞു. സര്‍ക്കാര്‍ വിവര സംവിധാനങ്ങളുടെയും നെറ്റ്‌വര്‍ക്കുകളുടെയും സുരക്ഷ ഉറപ്പാക്കാനാണ് കാനഡയിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഈ നടപടിയെടുത്തിരിക്കുന്നതെന്നും ട്രൂഡോ ചൂണ്ടിക്കാട്ടി.