''നിന്നെ കാണാൻ വേണ്ടി വന്നതാ...'' ഇലകൊഴിയും കാലം.' ഭാഗം-2

By: 600009 On: Feb 27, 2023, 2:22 PM

Written by, Abrham George, Chicago.

കുടുംബത്തിലെ വഷളായ അന്തരീക്ഷം കൊണ്ടാണോ, ബുദ്ധിക്കുറവുകൊണ്ടാണോ, നാലിലും അഞ്ചിലും ഞാൻ ഒരോ കൊല്ലം കൂടുതൽ ഇരുന്നു കൊടുത്തു. പിന്നലേ വന്നവർ എൻ്റെ ക്ലാസ് മേറ്റായി. ക്ലാസിലെ പ്രായം കൂടിയ കുട്ടിയായതുകൊണ്ട്, എനിക്ക് കിട്ടിയത് ബാക്ക് സീറ്റായിരുന്നു. പുറത്ത് കറങ്ങി നടക്കാനായി കിട്ടിയ അവസരങ്ങളൊന്നും പാഴാക്കിയില്ല. കഞ്ഞിപ്പുരയിലേക്ക് വെള്ളം കൊണ്ടുവരൽ, സ്കൂൾ ബെല്ലടിക്കൽ മുതലായ ചുമതല ഞാനേറ്റെടുത്തു.

ക്ലാസിൽ കയറാതെ ഈ വക കാര്യങ്ങളുമായി വട്ടം കറങ്ങി നടന്നു. ഇത്രയും കോലാഹലങ്ങൾ നടത്തിയിട്ടും ആറും ഏഴും പാസ്സായത് എല്ലാവരേയും അത്ഭുതപ്പെടുത്തി. അവിടെ നിന്നും ഞാൻ നാല് കിലോമീറ്റർ അകലെയുള്ള എസ്.ആർ.വി ഹൈസ്ക്കുള്ളിലേക്ക് യാത്രയായി.

ടൗണിൻ്റെ മധ്യത്തിലായി കിടക്കുന്ന സ്ക്കൂൾ, എനിക്ക് പുതിയ അനുഭവം പകർന്നു തന്നു. നീലപാൻറും വെള്ള ഷർട്ടുമായിരുന്നു യൂണിഫോം. നല്ല മഴയുള്ള ജൂൺ മാസം. ഒരു മൈൽ ദൂരം സഞ്ചരിച്ച് വടക്കേ വഴിയിൽ എത്തി, അവിടന്ന് മൂന്നു കിലോമീറ്ററോളം നടന്ന് സ്ക്കൂളിൽ എത്തുമ്പോളേക്കും ആകെ നനഞ്ഞിരിക്കും. റബർ ബാൻറ് ഇട്ട് മുറുക്കിയ പുസ്തക കെട്ടുകളെ നനയാതെ സംരക്ഷിച്ച്, ശരീരമാകെ നനഞ്ഞ് നടക്കുകയെന്നത് ഹോബിയാണ്. പുത്തൻ പാലം വഴി നടക്കുമ്പോൾ, കുത്തി ഒഴുകുന്ന വെള്ളപാച്ചിൽ നോക്കി കുറച്ചു നേരം നിൽക്കും. വെള്ളത്തിലേക്ക് കടലാസ് തോണിയുണ്ടാക്കി കളിക്കും. ഉണ്ണി മാഷിൻ്റെ മലയാളനോട്ട് ബുക്കിലെ പേജുകൾ അങ്ങനെ വെള്ളത്തിലൂടെ ഒഴുകി കളിക്കും.

പോരുന്ന വഴി ദേവസ്യായുടെ പെട്ടിക്കടയിൽ നിന്നും പത്തു പൈസക്ക് അട്ടാണി പരിപ്പ് വാങ്ങി കൊറിക്കും. പത്താം ക്ലാസിലായതോടെ ഗേൾസ് ഹൈസ്ക്കൂളിൻ്റെ മുന്നിൽ പോയി നിൽക്കുന്നതൊരു ഹരമായി മാറി.

"ജോണി, എന്തായിവിടെ, പെമ്പുള്ളേരുടെ വായ് നോക്കി മതിയായില്ലേ?"

ഗേൾസ് ഹൈസ്ക്കുളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ലളിതയുടെ വാക്കുകൾ കേട്ടൊന്ന് പരുങ്ങി. എടുത്ത വായിൽ പറഞ്ഞു

"നിന്നെ കാണാൻ വേണ്ടി വന്നതാ."

"ഡാ, നീ എന്തിനാ എന്നെ കാണണേ? സത്യം പറ, എന്തോ ദുരുദ്ദേശം ഉണ്ടെന്ന് എനിക്കറിയാം."

"എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്, നീ പഠിക്കാൻ മിടുക്കത്തിയാണല്ലോ? ഞാൻ ഇംഗ്ലീഷിന് മഹാ മോശമാണ്, നീ എനിക്കൊന്ന് ട്യൂഷനെടുക്കണം, എടുത്ത വായിൽ ഇത്രയും പറഞ്ഞൊപ്പിച്ചു."

"അതിന് നല്ല മാഷുന്മാരെ നോക്കാൻ പാടില്ലേ, നിനക്ക്. എന്നെയെന്തിനാണ് ഇതിനിടയിൽ പിടിച്ചിടുന്നത്. "

"അതല്ല' ഡി, നീ ആകുമ്പോൾ ഫീസ് ഇല്ലാതെ പഠിക്കാമല്ലോ? നീ നല്ല നസ്രാണിയാണ്, ഞാൻ പുലയത്തിയും ആൾക്കാർക്ക് പറഞ്ഞ് നടക്കാൻ മറ്റൊന്നും വേണ്ടി വരില്ല. "

"അതായിപ്പോൾ വല്യ കാര്യം. ട്യൂഷനെടുക്കുന്നതിന് ജാതിയും മതവുമൊന്നും നോക്കേണ്ട'ടോ. എനിക്ക് എങ്ങനെയെങ്കിലും പത്താം ക്ലാസ് പാസാകണം. നീ ആണെങ്കിൽ സ്കൂളിലെ ബെസ്റ്റ് സ്റ്റുഡൻ്റും. നീയൊന്ന് മനസ്സ് വെച്ചാൽ, കാര്യം നടക്കും."

"സംശയങ്ങൾ പറഞ്ഞ് തരാനല്ലേ, ഇടക്ക് വീട്ടിലേക്ക് വന്നാൽ മതി. അറിയാവുന്നത് പറഞ്ഞ് തരാം. "

------------തുടരും.------------