ടൊറന്റോയിലും ജിടിഎയിലും വീണ്ടും വിന്റര്‍ സ്‌റ്റോം വീശിയടിക്കുമെന്ന് മുന്നറിയിപ്പ് 

By: 600002 On: Feb 27, 2023, 9:09 AM

ടൊറന്റോയിലും സതേണ്‍ ഒന്റാരിയോിലും വീണ്ടും മറ്റൊരു വിന്റര്‍ സ്‌റ്റോം കൂടി വീശിയടിച്ചേക്കാമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ. വിന്റര്‍‌സ്റ്റോമിന് മുന്നോടിയായി ഇവിടങ്ങളില്‍ പ്രത്യേക കാലാവസ്ഥാ പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞോ വൈകുന്നേരത്തോടെയോ ശക്തമായ കാറ്റിനൊപ്പം മഞ്ഞ്, ഐസ്, മഴ എന്നിവ ഒന്നിച്ച് ഉണ്ടായേക്കാമെന്ന് പ്രതീക്ഷിക്കുന്നതായി എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. 

2 മുതല്‍ 4 വരെ സെന്റിമീറ്റര്‍ മഞ്ഞുവീഴ്ച ഉണ്ടായേക്കാം. വൈകുന്നേരമാകുമ്പോഴേക്കും കാറ്റും, മഞ്ഞും മഴയും കനക്കും. ഇത് യാത്ര ചെയ്യുന്നവരെ സാരമായി ബാധിച്ചേക്കാമെന്നും അതിനാല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച രാത്രി വരെ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് മൂലം വൈദ്യുതി തടസ്സം നേരിട്ടേക്കാമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്.