ഫ്‌ളൂ-കോവിഡ് കോമ്പിനേഷന്‍ ഹോം ടെസ്റ്റിന് എഫ്ഡിഎയുടെ അംഗീകാരം 

By: 600002 On: Feb 27, 2023, 8:18 AM

ഫ്‌ളൂ, കോവിഡ്-19 എന്നിവയ്ക്കുള്ള ആദ്യ കോമ്പിനേഷന്‍ ടെസ്റ്റിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വെള്ളിയാഴ്ച അംഗീകാരം നല്‍കി. ഇതോടെ മൂക്കൊലിപ്പ്, ജലദോഷം എന്നിവ ഇതിലേതെങ്കിലും രോഗത്താല്‍ ഉണ്ടാകുന്നതാണോയെന്ന് കണ്ടെത്താന്‍ ഇനി ഈ ടെസ്റ്റ് വഴി സാധിക്കും. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാന്‍ കഴിയുന്നതാണ് ലൂസിറ കോവിഡ്-19 ആന്‍ഡ് ഫ്‌ളൂ ഹോം ടെസ്റ്റ്. ടെസ്റ്റിലൂടെ സ്വയം ശേഖരിച്ച നാസല്‍ സ്വാബ് സാമ്പിളുകള്‍ ഉപയോഗിക്കുകയും ഏകദേശം 30 മിനിറ്റിനുള്ളില്‍ ഫലം നല്‍കുകയും ചെയ്യുമെന്ന് എഫ്ഡിഎ പറഞ്ഞു. 

വീട്ടിലിരുന്ന് കോവിഡ് പരിശോധന നടത്താന്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാണെങ്കിലും ഫ്‌ളൂ എന്നറിയപ്പെടുന്ന ഇന്‍ഫ്‌ളുവന്‍സ എ,ബി എന്നിവയ്ക്കുള്ള ആദ്യത്തെ ഹോം ടെസ്റ്റാണിത്. അടിയന്തര ഘട്ടങ്ങളില്‍ മെഡിക്കല്‍ കൗണ്ടര്‍ മെഷേസിന്റെ ലഭ്യത എളുപ്പത്തിലും വേഗത്തിലുമാക്കുന്ന അടിയന്തര ഉപയോഗ അംഗീകാരം ടെസ്റ്റിന് ലഭിച്ചിട്ടുണ്ട്. 

ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ലക്ഷണങ്ങളുമുള്ളവരാണ് ടെസ്റ്റിന് വിധേയരാകേണ്ടതെന്ന് എഫ്ഡിഎ വ്യക്തമാക്കുന്നു. മുതിര്‍ന്നവര്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതിനാല്‍ 2 വയസ്സ് പ്രായമുള്ള കുട്ടികളില്‍ ഇത് ഉപയോഗിക്കാമെന്നും എഫ്ഡിഎ നിര്‍ദ്ദേശിച്ചു.