സംസ്ഥാന സർക്കാർ ആരംഭിച്ച വനിതാസൗഹൃദ ടൂറിസം പരിപാടിയുടെ തുടർച്ചയായി കുമരകത്ത് നടക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയിൽ ടൂറിസത്തിലൂടെ വനിതാശാക്തീകരണം പെൺകുട്ടികളുടെ ഉന്നമനം എന്നീ ലക്ഷ്യത്തോടെ ധാരണാപത്രം ഒപ്പിട്ടു. യുഎൻ വുമൻ ഇന്ത്യാമേധാവി ശ്രീമതി സൂസൻ ഫെർഗൂസൻ കേരള ടൂറിസം ഡയറക്ടർ ശ്രീ പി ബി നൂഹും എന്നിവരാണ് ധാരണാപത്രം ഒപ്പുവെച്ചത്. വനിതാസൗഹൃദ ടൂറിസം പ്രവർത്തനങ്ങളെക്കുറിച്ച് പരിശീലനം നൽകുക, ലിംഗസമത്വ ടൂറിസം പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാനദണ്ഡങ്ങൾ, പരിശീലന വിഷയങ്ങൾ എന്നിവ രൂപീകരിക്കുക, ഗവേഷണം, റിപ്പോർട്ടുകൾ, എന്നിവയ്ക്കുള്ള സാങ്കേതിക സഹകരണം ഒരുക്കുക, പൊതു ടൂറിസം സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന മോശം പെരുമാറ്റം, സാമൂഹിക അസമത്വം എന്നിവ തടയാനുള്ള ഇടപെടലുകൾ നടത്തുക തുടങ്ങിയവയാണ് ധാരണാപത്രം ഉറപ്പു വരുത്തുന്നത്. പുരുഷനും സ്ത്രീയും തമ്മിലുള്ള സാമ്പത്തിക അവസരങ്ങളിലെ അസമത്വം ഇല്ലാതാക്കാൻ പുരുഷ കേന്ദ്രീകൃത തൊഴിലിടങ്ങളിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്നും വനിതകളുടെ തൊഴിലവസരങ്ങൾ കൂടുന്നതിലൂടെ വനിതാസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാമെന്നും ഉച്ചകോടിയിൽ പങ്കെടുത്ത ഐക്യരാഷ്ട്രസഭാ വിമൻ ഇന്ത്യാ മേധാവി ശ്രീമതി സൂസൻ ഫെർഗൂസൻ പറഞ്ഞു.