'റഷ്യ - യുക്രൈൻ യുദ്ധം' എന്ന പരാമർശത്തെ റഷ്യയും ചൈനയും എതിർത്തതിനെത്തുടർന്ന് ബംഗളൂരുവിൽ നടക്കുന്ന ധനകാര്യമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും ജി 20 യോഗം പ്രമേയം പുറത്തിറക്കാതെ അവസാനിച്ചു. ഇതോടെ ചർച്ചകളുടെ ചുരുക്കം മാത്രം ഒരു വാർത്താക്കുറിപ്പായി പുറത്തിറക്കി. ജി20 അംഗമായ റഷ്യ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അയൽരാജ്യമായ യുക്രൈനെ ആക്രമിച്ചതിനെത്തുടർന്ന് മുൻ യോഗങ്ങളും പൊതു ധാരണ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. യുദ്ധം എന്ന വാക്ക് ഉപയോഗിക്കാതിരിക്കാൻ നവംബർ മുതൽ ചൈന നീക്കം തുടങ്ങിയിരുന്നു. യുക്രൈൻ വിഷയത്തിൽ ഒപ്പുവെക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കിയ ചൈനയും റഷ്യയും സാമ്പത്തികവും സമ്പദ്ഘടനയും സംബന്ധിച്ച വിഷയങ്ങൾക്കാണ് മുൻതൂക്കം കൊടുക്കുന്നതെന്നും മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ അജയ് സേത്ത് പ്രതികരിച്ചു.