മനു ഡാനി സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലേക്ക് മത്സരിക്കുന്നു

By: 600084 On: Feb 25, 2023, 4:29 PM

പി പി ചെറിയാൻ, ഡാളസ്.

സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി മത്സരിക്കുന്നു. നോമിനേഷന്‍ പിന്‍വലിക്കുന്നതിന്റെ അവസാനദിനമായ ഫെബ്രുവരി 24ന് ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക മൂന്നുപേരില്‍ ഒരാള്‍ പിന്‍മാറിയതോടെ മനു ഡാനിയും സാറ സ്രാഡഫോര്‍ഡും തമ്മില്‍ നേരിട്ടു മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.

സണ്ണിവെയ്ല്‍ ബെയ്‌ലര്‍ ആശുപത്രിയില്‍ തെറാപിസ്റ്റായി പ്രവര്‍ത്തിക്കുന്ന മനു സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് സജ്ജീവ സാന്നിധ്യമാണ്. ഡാളസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ കാത്തലിക്ക് ചര്‍ച്ച് അംഗമാണ്. സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സിറ്റിയുടെ ഉന്നമനത്തിനും, വികസനത്തിനും കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുമെന്ന് മനു അഭിപ്രായപ്പെട്ടു. അറ്റോര്‍ണിയായ ഡാനി തങ്കച്ചനും, ദയ, ലയ, ലിയൊ എന്നീ മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം.

സണ്ണിവെയ്ല്‍ സിറ്റിയില്‍ 2010 മുതല്‍ താമസിക്കുന്ന മനു ഇവിടെയുളളവര്‍ക്ക് സുപരിചിതയാണ്.
മനുവിന്റെ വിജയം ഉറപ്പാക്കുന്നതിന് മലയാളികളും, മറ്റു ഇന്ത്യന്‍ സുഹൃത്തുക്കളും, സമീപവാസികളും അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. ദീര്‍ഘവര്‍ഷമായി മേയര്‍ പദവി അലങ്കരിക്കുന്ന മലയാളി സജി മേയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതിന് മനുവിന്റെ വിജയം അത്യാവശ്യമാണ്. മനുവിനെതിരെ മത്സരിക്കുന്ന സാറാ സ്രാഡ്‌ഫോര്‍ഡ് ശക്തയായ എതിരാളിയാണ്.