സ്റ്റാഫിംഗ് ഷോര്‍ട്ടേജ്: കൂടുതല്‍ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാന്‍ പുതിയ പദ്ധതിയുമായി ലസാല്‍ പോലീസ് 

By: 600002 On: Feb 25, 2023, 11:16 AM

കാനഡയിലുടനീളം പോലീസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതില്‍ വലിയ വെല്ലുവിളി നേരിടുകയാണെന്ന് ഒന്റാരിയോ പോലീസ് അസോസിയേഷന്‍ പറയുന്നു. ഇത് ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്റ്റാഫുകളുടെ കുറവ് സൃഷ്ടിക്കുകയും മറ്റ് ജോലി സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു. പോലീസ് വകുപ്പ് നേരിടുന്ന റിക്രൂട്ടിംഗ് പ്രതിസന്ധിക്ക് പുതിയ വഴി തേടുകയാണ് ലസാല്‍ പോലീസ് സര്‍വീസ്. വിന്‍ഡ്‌സര്‍ യൂണിവേഴ്‌സിറ്റിയുമായി കൈകോര്‍ത്താണ് പുതിയ റിക്രൂട്ടിംഗ് നടത്തുന്നത്. യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഇറങ്ങുന്ന വിദ്യാര്‍ത്ഥികളെ പോലീസ് സേനയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് അധികൃതര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് യൂണിവേഴ്‌സിറ്റിയുമായുള്ള പങ്കാളിത്തം ആരംഭിച്ചത്. അക്കാദമിക് പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിനെയും അവരുടെ ജോലിയെയും അടുത്തറിയാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നു. അതിലൂടെ പോലീസില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കുന്നു. സൈക്കോളജി പോലുള്ള സോഷ്യല്‍ സയന്‍സ് ബിരുദം പൂര്‍ത്തിയാക്കിവരെയാണ് കൂടുതലായും ആകര്‍ഷിക്കുന്നത്. സമൂഹവുമായി നേരിട്ട് ആഴത്തില്‍ ബന്ധപ്പെടാന്‍ സാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണിത്. 

ആളുകളെ പ്രത്യോകിച്ച് വിദ്യാര്‍ത്ഥികളെ പോലീസില്‍ അപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്, പോലീസിംഗ് പ്രൊഫഷനെ വീണ്ടും ബ്രാന്‍ഡ് ചെയ്യാനുള്ള യോജിച്ച ശ്രമത്തില്‍ നിരവധി അസോസിയേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസ് അസോസിയേഷന്‍ ഓഫ് ഒന്റാരിയോ(PAO), ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അസോസിയേഷന്‍, ടൊറന്റോ പോലീസ് അസോസിയേഷന്‍, ഒന്റാരിയോ അസോസിയേഷന്‍ ഓഫ് ചീഫ്‌സ് ഓഫ് പോലീസ് എന്നിവ തമ്മിലുള്ള പങ്കാളിത്തവും പുതിയ റിക്രൂട്ടിംഗ് രീതിക്കുണ്ട്.