കാനഡയില്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഗൂഗിള്‍. കനേഡിയന്‍ മീഡിയ കമ്പനികളുടെ ഉള്ളടക്കത്തിന് ഗൂഗിള്‍, മെറ്റ പോലുള്ള ഡിജിറ്റല്‍ ഭീമന്മാര്‍ പണം നല്‍കണമെന്ന ഫെഡറല്‍ സര്‍ക്കാരിന്റെ നിയമത്തിന് മറുപടിയായാണ് ഗൂഗിളിന്റെ നീക്കം. ഒരു ടെസ്റ്റിന്റെ ഭാഗമായാണ് ഈ നിയന്ത്രണമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്കുള്ള നിയന്ത്രണം ഈ മാസം ആദ്യമാണ് ആരംഭിച്ചത്. ഇത് അഞ്ച് ആഴ്ചത്തേക്ക് തുടരുമെന്നും നിയന്ത്രണം കാനഡയിലെ ഗൂഗിളിന്റെ നാല് ശതമാനത്തോളം ഉപയോക്താക്കളം ബാധിക്കുമെന്നും കമ്പനി പറഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ചതും നിലവില്‍ സെനറ്റിന് മുന്നിലുള്ളതുമായ ഓണ്‍ലൈന്‍ വാര്‍ത്താ നിയമത്തിന്റെ(ബില്‍ C-18) സാധ്യതയാണ് ഗൂഗിള്‍ പരിശോധിക്കുന്നതെന്ന് ഗൂഗിള്‍ വക്താവ് ഷെയ് പര്‍ഡി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതേസമയം, പ്രതിസന്ധിയിലുള്ള കാനഡയിലെ വാര്‍ത്താ മേഖലയെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ബില്ലെന്നാണ് ഹെറിറ്റേജ് മന്ത്രി പാബ്ലോ റോഡ്രിഗസിന്റെ വിശദീകരണം.