എഡ്മന്റണില്‍ ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സ് സെയിലിനിടെ സ്ത്രീക്കെതിരെ ലൈംഗികാതിക്രമ ഭീഷണി: ഒരാള്‍ അറസ്റ്റില്‍ 

By: 600002 On: Feb 25, 2023, 8:53 AM

സ്ത്രീകള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്‌സ് സെയിലിനിടെ ലൈംഗികാതിക്രമ ഭീഷണി നടത്തിയൊരാള്‍ക്കെതിരെ കുറ്റം ചുമത്തിയതായി എഡ്മന്റണ്‍ പോലീസ് സര്‍വീസ് അറിയിച്ചു. ഫെബ്രുവരി നാലിനാണ് സംഭവം. ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ഇടപാടിനിടെയിലാണ് സ്ത്രീ ഭീഷണിക്കിരയായത്. സംഭവത്തില്‍ പ്രതിയായ ഫെഡ്രറിക്ക് പാട്രിക് ഷ്മാല്‍റ്റ്‌സ്(46) എന്നയാളെ ആല്‍ബെര്‍ട്ടയിലെ വിമിയില്‍ നിന്നും മൂന്ന് വാറന്റുകളിലായി അറസ്റ്റ്‌ചെയ്തതായി പോലീസ് അറിയിച്ചു. 

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പ്രതി യുവതിയുടെ സമീപം സാധനം വാങ്ങിക്കാനായി എത്തിയെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാധനം വാങ്ങിയാല്‍ പണത്തിനു പകരം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സ്ത്രീയോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ച യുവതിയെ തന്റെ പക്കല്‍ തോക്കുണ്ടെന്നും ലൈംഗികാതിക്രമം നടത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  
2021 ജനുവരി മുതല്‍ സമാനമായ നാല് സംഭവങ്ങളില്‍ ഷ്മാല്‍ട്‌സിന് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. മാത്രവുമല്ല, കൂടുതല്‍ ഇരകളുണ്ടാകാമെന്നാണ് കരുതുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ഷ്മാല്‍റ്റിസിനെക്കുറിച്ച് വിവരം ലഭിക്കുന്നവരോ പ്രതിയെ തിരിച്ചറിഞ്ഞവരോ ഉണ്ടെങ്കില്‍ 780-423-4567 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. കൂടാതെ, ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേയ്‌സുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോഴോ വില്‍ക്കുമ്പോഴോ ഉപഭോക്താക്കളെ ഒറ്റയ്ക്കുള്ളപ്പോള്‍ വീട്ടിലേക്ക് ക്ഷണിക്കരുതെന്നും പൊതുഇടങ്ങളില്‍ മാത്രം കൂടിക്കാഴ്ച നടത്താവൂ എന്നും പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.