എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങ് വേളയില്‍ 400,000 ഡോളര്‍ കനേഡിയന്‍ സര്‍ക്കാര്‍ ഹോട്ടല്‍ മുറികള്‍ക്കായി ചെലവഴിച്ചതായി റിപ്പോര്‍ട്ട് 

By: 600002 On: Feb 24, 2023, 12:00 PM

എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകളുടെ വേളയില്‍ പ്രതിനിധി സംഘങ്ങള്‍ക്കായുള്ള ഹോട്ടല്‍ മുറികള്‍ക്കായി ഏകദേശം 400,000 ഡോളര്‍ കനേഡിയന്‍ സര്‍ക്കാര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ട്. ഒരു രാത്രി 6,000 ഡോളര്‍ നിരക്കില്‍ ആഢംബരപൂര്‍ണമായ റിവര്‍ വ്യൂ സ്യൂട്ടും ഇതില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഭാര്യ, ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍, മുന്‍ പ്രധാനമന്ത്രിമാരായ കിം കാംപെല്‍, ജീന്‍ ക്രെറ്റിയന്‍, പോള്‍ മാര്‍ട്ടിന്‍, സ്റ്റീഫന്‍ ഹാര്‍പ്പെര്‍, ഒളിമ്പ്യന്‍ മാര്‍ക്ക് ടെവ്ക്‌സ്ബറി, നടന്‍ സാന്ദ്ര ഓ എന്നിവരാണ് സെപ്തംബര്‍ 19 ന് നടന്ന ചടങ്ങില്‍ പങ്കെടുത്ത പ്രതിനിധി സംഘത്തിലുണ്ടായിരുന്നവര്‍. കാനഡയുടെ വിദേശകാര്യ മന്ത്രാലയമായ ഗ്ലോബല്‍ അഫയേഴ്‌സ് കാനഡയില്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലൂടെയാണ് ഹോട്ടല്‍ ചെലവുകള്‍ ലഭിച്ചത്.

ഹോട്ടലിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ബട്ട്‌ലര്‍ സര്‍വീസും തേംസ് നദിക്ക് അഭിമുഖമായി കാഴ്ചകള്‍ കാണാനും ഉള്‍പ്പെടുന്ന എക്‌സ്‌ക്ലുസീവ് കോറിന്തിയ ലണ്ടന്‍ ഹോട്ടലിലെ 6,000 ഡോളര്‍ സ്യൂട്ടില്‍ ആരാണ് താമസിച്ചതെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.