2022 ല്‍ വാന്‍കുവറില്‍ അക്രമാസക്തമായ കുറ്റകൃത്യങ്ങളില്‍ 12 ശതമാനം വര്‍ധന: റിപ്പോര്‍ട്ട് 

By: 600002 On: Feb 24, 2023, 11:37 AM

വാന്‍കുവറില്‍ പാന്‍ഡെമിക്കിന് മുന്‍പുള്ളതിനേക്കാള്‍ കുറ്റകൃത്യങ്ങളില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. പോലീസ് ബോര്‍ഡിന് സമര്‍പ്പിച്ച 2022 ലെ റിപ്പോര്‍ട്ടാണ്  പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 12 ശതമാനം വര്‍ധനവാണ് അക്രമസക്തമായ കുറ്റകൃത്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വര്‍ഷം തോറും 4.1 ശതമാനം എന്ന നിരക്കിലാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും സമാനമായ കണക്കുകളാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

പാന്‍ഡെമിക്കിന് ശേഷം ഗുരുതരമായ ആക്രമണങ്ങള്‍ 30 ശതമാനം വര്‍ധിച്ചു. ഏഷ്യന്‍ വിരുദ്ധ ആക്രമണങ്ങളില്‍ 500 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. ഗ്രാഫിറ്റി സംഭവങ്ങളില്‍ 114 ശതമാനം വര്‍ധനവും, സൈബര്‍ കുറ്റകൃത്യങ്ങളില്‍ 75 ശതമാനം വര്‍ധനവും റിപ്പോര്‍ട്ട് ചെയ്തു. സൈബര്‍ ക്രൈമില്‍ വ്യക്തികള്‍ക്കെതിരായ ഭീഷണി, സാമ്പത്തിക തട്ടിപ്പ്, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. 

ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സങ്കീര്‍ണമായിരുന്നുവെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ സൈമണ്‍ ഡെമേഴ്‌സ് പറയുന്നു. ലൈംഗികാതിക്രമങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. പീഡനങ്ങള്‍ നടന്ന് വളരെക്കാലം കഴിഞ്ഞാണ് മിക്ക സംഭവങ്ങളും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് സൈമണ്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളില്‍ 20 ശതമാനവും മുന്‍ വര്‍ഷങ്ങളിലാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.