ടിക്ക്‌ടോക്കിനെതിരെ ശക്തമായ അന്വേഷണം പ്രഖ്യാപിച്ച് കനേഡിയന്‍ പ്രൈവസി അതോറിറ്റി 

By: 600002 On: Feb 24, 2023, 10:57 AM


സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോകിന്റെ ഉപയോഗം സംബന്ധിച്ച് കാനഡ അന്വേഷണം ആരംഭിച്ചു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ക്യുബെക്ക്, ബീസി, ആല്‍ബെര്‍ട്ട എന്നിവടങ്ങളില്‍ നിന്നുള്ള പ്രൊവിന്‍ഷ്യല്‍ പ്രൈവസി അതോറിറ്റികള്‍ക്കൊപ്പം സംയുക്തമായി ചൈനീസ് ആപ്പായ ടിക്‌ടോക്കിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നതായി കാനഡയിലെ പ്രൈവസി കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. യുഎസിലും കാനഡയിലും ഇപ്പോള്‍ തീര്‍പ്പാക്കിയ ക്ലാസ് ആക്ഷന്‍ ലോസ്യൂട്ടുകളുടെയും, ടിക് ടോക്കിന്റെ വ്യക്തിഗത വിവരങ്ങളുടെ ശേഖരണം, ഉപയോഗം, വെളിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി മാധ്യമ റിപ്പോര്‍ട്ടുകളുടെയും പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് പ്രസ്താവനയില്‍ അറിയിച്ചു. 

വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും വെളിപ്പെടുത്തുന്നതിനും കമ്പനി ഉപയോക്താക്കളില്‍ നിന്നും സമ്മതം നേടിയിട്ടുണ്ടോ, ടിക്ക്‌ടോക്കിന്റെ രീതികള്‍ കനേഡിയന്‍ പ്രൈവസി ലെജിസ്ലേഷന് അനുസൃതമാണോ തുടങ്ങിയവയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണമുണ്ടാകും. ടിക്ക് ടോക്കിന്റെ ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരും യുവാക്കളായതിനാല്‍ നിരീക്ഷണം ശക്തമാക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. 

സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് എത്രയും പെട്ടെന്ന് ടിക്ക്‌ടോക്ക് നീക്കം ചെയ്യാന്‍ ജീവനക്കാരോട് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഡാറ്റ, പകര്‍പ്പവകാശം, ഹാനികരമായ ഉള്ളടക്കത്തിലേക്കുള്ള ആക്‌സസ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ടിക്ക്‌ടോക്ക് പരാജയപ്പെട്ടതായി ഇയു ഉദ്യോഗസ്ഥര്‍ അടുത്തിടെ ആരോപിച്ചിരുന്നു. ഇന്ത്യ നേരത്തെ തന്നെ ടിക്ക്‌ടോക്ക് നിരോധിച്ചിരുന്നു. അമേരിക്കയിലും ടിക്ക്‌ടോക്കിന് നിയന്ത്രണങ്ങളുണ്ട്.