വിന്റര്‍ സ്‌റ്റോമിന്റെ ഭാഗമായി ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലും തെക്കന്‍ ഒന്റാരിയോയുടെ ചില ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും മഴയും ആരംഭിച്ചതായി എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. 17 സെന്റിമീറ്ററോളം മഞ്ഞുവീഴ്ചയുള്ളതിനാല്‍ റോഡപകടങ്ങളും വര്‍ധിച്ചു. 200 ഓളം കൂട്ടിയിടികളാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നഗരത്തിലുടനീളം വിന്റര്‍ സ്‌റ്റോം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതിനാല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
പ്രതികൂല കാലാവസ്ഥാ സാഹചര്യമായതിനാല്‍ നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്തതായി ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവരുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇതുവരെ, പിയേഴ്‌സണില്‍ നിന്നും പുറപ്പെടേണ്ട 468 സര്‍വീസുകളില്‍ 19 ശതമാനത്തിലധികവും എത്തിച്ചേരേണ്ട വിമാനങ്ങളില്‍ 17 ശതമാനവും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങാനുള്ള സാധ്യതയുണ്ടെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൈവേകള്‍, റോഡുകള്‍, നടപ്പാതകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവ മഞ്ഞുമൂടിയതും അപകടകരമാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ ഡ്രൈവര്‍മാരും മറ്റ് ജനങ്ങളും ജാഗ്രത പാലിക്കണമെന്നും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി.