ബീസിയില്‍ ശനിയാഴ്ച കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത: മുന്നറിയിപ്പ് നല്‍കി എണ്‍വയോണ്‍മെന്റ് കാനഡ

By: 600002 On: Feb 24, 2023, 9:02 AM


വ്യാഴാഴ്ച വെസ്‌റ്റേണ്‍ കാനഡയില്‍ വീണ്ടും ആര്‍ക്ടിക് എയര്‍ വ്യാപിച്ചതിനാല്‍ കഠിനമായ തണുപ്പാണ് അനുഭവപ്പെട്ടത്. ശനിയാഴ്ചയും ബീസി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണയായി ഫെബ്രുവരി അവസാനത്തോടെ ഉണ്ടാകുന്ന ശരാശരി താപനിലയേക്കാള്‍ 10 മുതല്‍ 15 ഡിഗ്രി വരെ തണുപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. കൂടാതെ ചില മേഖലകള്‍ റെക്കോര്‍ഡ് തകര്‍ക്കുന്നതിന് അടുത്തായെത്തിയിരുന്നു. ശനിയാഴ്ച രാത്രിയോടെ തെക്കന്‍ തീരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും 10 മുതല്‍ 30 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ശനിയാഴ്ച പകല്‍ നേരിയ മഞ്ഞുവീഴ്ച ആരംഭിക്കുകയും രാത്രിയോടെ കനത്ത മഞ്ഞുവീഴ്ചയായി മാറുകയും ചെയ്യും.  ഞായറാഴ്ചയോടെ മിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ച കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു.