ടൊറന്റോ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കെതിരായ അക്രമസംഭവങ്ങള്‍ 60 ശതമാനം വര്‍ധിച്ചു: കമ്മീഷന്‍ റിപ്പോര്‍ട്ട് 

By: 600002 On: Feb 24, 2023, 8:37 AM


ടൊറന്റോ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കെതിരായ അക്രമസംഭവങ്ങള്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ക്രമാതീതമായി വര്‍ധിച്ചുവെന്ന് ടിടിസി കമ്മീഷന്‍ റിപ്പോര്‍ട്ട്. 2019 മുതല്‍ 2022 വരെ അക്രമങ്ങള്‍ ഏകദേശം 60 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 നെ അപേക്ഷിച്ച് 2022 ല്‍ 46 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം യാത്രക്കാര്‍ക്കെതിരെ 1,068 ആക്രമണങ്ങളാണ് നടന്നിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

ഒരു വര്‍ഷം മുമ്പുള്ളേതിനേക്കാള്‍ പൊതുഗതാഗതത്തില്‍ സുരക്ഷിതത്വം കുറവാണെന്ന് 17 ശതമാനം പേര്‍ ഫെബ്രുവരി ആദ്യം നടന്ന സര്‍വേയില്‍ പ്രതികരിച്ചിരുന്നു. ആക്രമണം, ലൈംഗികാതിക്രമങ്ങള്‍, കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്ഡ, അസഭ്യം പറയല്‍, വംശീയാധിക്ഷേപം തുടങ്ങിടയവയുള്‍പ്പെടെ നിരവധി ഗുരുതരമായ സംഭവങ്ങളാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 

ടിടിസി സര്‍വീസുകളില്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെ തുടര്‍ന്ന് യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും കൂടുതല്‍ സുരക്ഷയ്ക്കായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച് നടപടികളെടുത്തിട്ടുണ്ട്. ടൊറന്റോ പോലീസ് 24 മണിക്കൂറും ട്രാന്‍സിറ്റില്‍ പട്രോളിംഗ് നടത്തുന്ന 80 ഓളം ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.