മില്‍ട്ടണില്‍ പാര്‍ക്കിംഗ് ലോട്ടിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി കാര്‍ മോഷണം 

By: 600002 On: Feb 23, 2023, 12:27 PM

ഒന്റാരിയോയിലെ മില്‍ട്ടണില്‍ കാര്‍ ജാക്കിംഗുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പോലീസ്. ചൊവ്വാഴ്ച രാവിലെ 9. 40 ഓടെ തോംസണ്‍ റോഡ് സൗത്ത് ആന്‍ഡ് ലൂയിസ് സെന്റ്. ലോറന്റ് അവന്യുവിന് സമീപം മെട്രോ പാര്‍ക്കിംഗിലാണ് സംഭവം. രണ്ട് പ്രതികള്‍ ചേര്‍ന്ന് കാര്‍ ട്രക്ക് കൊണ്ട് ഇടിച്ച് ആക്രമാസക്തമായാണ് കാര്‍ജാക്കിംഗ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. നേരത്തെ ഹിറ്റ്-ആന്‍ഡ്-റണ്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന വെള്ള പിക്കപ്പ് ട്രക്ക് ഓടിച്ചാണ് പ്രതികളെത്തിയത്. മെട്രോ പാര്‍ക്കിംഗ് ലോട്ടിലേക്ക് ഓടിച്ചുകയറ്റിയ ട്രക്ക് നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിപ്പിക്കുകയായിരുന്നു. 

കാറിനുള്ളില്‍ ഡ്രൈവര്‍ സീറ്റില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഇടിച്ച ഉടന്‍ തന്നെ ഇവര്‍ പുറത്തേക്ക് തെറിച്ചുവീണു. തുടര്‍ന്ന രണ്ട് പ്രതികള്‍ ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് അവശയാക്കുകയും കാറുമായി കടന്നുകളയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ സ്ത്രീയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ജീവന്‍ അപകടത്തിലാക്കുന്നതും അക്രമാസക്തവുമായ കുറ്റകൃത്യമാണിതെന്നും ഇതിന് ഉത്തരവാദികളായവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് വ്യക്തമാക്കി.