ഫ്‌ളൈറ്റുകളില്‍ കയറുമ്പോള്‍ ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ ടെക്‌നോളജി സംവിധാനം ഉപയോഗിക്കാനൊരുങ്ങി എയര്‍ കാനഡ. ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് തെരഞ്ഞെടുത്ത ഫ്‌ളൈറ്റുകളില്‍ കയറുന്നവര്‍ക്കാണ് ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ ടെക്‌നോളജി ഉപയോഗിക്കാന്‍ കഴിയുക. നിലവില്‍ വാന്‍കുവര്‍ ഇന്റര്‍വനാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിന്നിപെഗിലേക്കുള്ള തെരഞ്ഞെടുത്ത ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ടൊറന്റോ പിയേഴ്‌സണിലെ എയര്‍ കാനഡ കഫേയില്‍ പ്രവേശിക്കുന്ന അര്‍ഹരായ ഉപഭോക്താക്കള്‍ക്കുമാണ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കൂ.
എന്നാണ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക എന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ബുധനാഴ്ച മുതല്‍ ടൊറന്റോ ആസ്ഥാനമായുള്ള വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1 നുള്ളിലെ ആഭ്യന്തര മേപ്പിള്‍ ലീഫ് ലോഞ്ചിലേക്ക് സംവിധാനം വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.
സംവിധാനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ സുരക്ഷിത ഡിജിറ്റല്‍ ഫെയ്‌സ് പ്രിന്റ് സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അവര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് മുമ്പ് അവര്‍ക്ക് അയക്കും. കൂടാതെ യാത്രക്കാര്‍ക്ക് എയര്‍ കാനഡയുടെ ആപ്പില്‍ ഫീച്ചറിനായി സൈന്‍ അപ്പ് ചെയ്യാം.