ഈ വര്‍ഷം ഇതുവരെ യോര്‍ക്ക് മേഖലയില്‍ 130ല്‍ അധികം റാം ട്രക്കുകള്‍ മോഷണം പോയതായി പോലീസ്  

By: 600002 On: Feb 23, 2023, 9:41 AM


ഈ വര്‍ഷം ഇതുവരെ യോര്‍ക്ക് റീജിയണില്‍ 131 റാം ട്രക്കുകള്‍ മോഷണം പോയതായി യോര്‍ക്ക് റീജിയണല്‍ പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 3,200 വാഹനങ്ങളാണ് യോര്‍ക്ക് മേഖലയില്‍ മോഷണം പോയത്. ഈ വര്‍ഷം മോഷണം വര്‍ധിച്ചുവെന്നും റാം ട്രക്കുകളാണ് മോഷ്ടാക്കള്‍ കൂടുതലായും ലക്ഷ്യം വെക്കുന്നതെന്നും പോലീസ് പറഞ്ഞു. മുന്‍നിര വാഹനമായ ലെക്‌സസ് 350 ആര്‍എക്‌സ് എസ്‌യുവിയായിരുന്നു നേരത്തെ മോഷ്ടാക്കള്‍ കൂടുതലായി മോഷ്ടിച്ചിരുന്നത്. മോഷ്ടിച്ച വാഹനങ്ങള്‍ മോഷ്ടാക്കള്‍ വിദേശത്തേക്ക് കടത്തുകയാണ് ചെയ്യുന്നതെന്നാണ് കരുതുന്നതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. മോഷണങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. 

കീഫോബുകള്‍ റീപ്രോഗ്രാം ചെയ്ത് വാഹനത്തിന്റെ കമ്പ്യൂട്ടര്‍ സിസ്റ്റം തകരാറിലാക്കിയാണ് മോഷണം നടത്തുന്നത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ശേഷമാണ് കമ്പ്യൂട്ടര്‍ സിസ്റ്റം തകരാറിലാക്കുന്നത്. ഇതിനു ശേഷം വാഹനത്തിന്റെ പൂര്‍ണ നിയന്ത്രണം കൈയിലാകുന്നതോടെ മോഷണം എളുപ്പമാക്കുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി.