ഏറ്റവും മോശം മെട്രോ ട്രാഫിക്: നോര്‍ത്ത് അമേരിക്കയില്‍ മെട്രോ വാന്‍കുവര്‍ രണ്ടാം സ്ഥാനത്ത് 

By: 600002 On: Feb 23, 2023, 8:58 AM

വടക്കേ അമേരിക്കയില്‍ ട്രാഫിക്കിന് ഏറ്റവും മോശം മെട്രോ ഏരിയ പട്ടികയില്‍ മെട്രോ വാന്‍കുവറിന് രണ്ടാം സ്ഥാനം. ഏറ്റവും മോശം ട്രാഫിക്കിന് വാന്‍കുവറിന് നാലാം സ്ഥാനവും ലഭിച്ചു. ബുധനാഴ്ച പുറത്തിറക്കിയ ടോംടോം ട്രാഫിക് ഇന്‍ഡെക്‌സിലാണ്‌ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2022 ലെ റാങ്കിംഗാണ് പുറത്തുവിട്ടിരിക്കുന്നത്. നഗര പരിധിക്കുള്ളില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എത്ര സമയമെടുക്കും എന്നതിനെക്കുറിച്ചാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാന്‍കുവറില്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 22 മിനിറ്റും 30 സെക്കന്‍ഡും ആവശ്യമാണെന്ന് കണ്ടെത്തി. 56 രാജ്യങ്ങളിലെ 389 ഓളം നഗരങ്ങളിലെ ട്രാഫിക്കാണ് പരിശോധിച്ചത്. 

വാന്‍കുവറില്‍ ഡ്രൈവര്‍മാര്‍ വര്‍ഷത്തില്‍ ഏകദേശം 200 മണിക്കൂര്‍ തിരക്കേറിയ ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ഇന്‍ഡെക്‌സില്‍ വ്യക്തമാക്കുന്നു. മെക്‌സിക്കോ സിറ്റിയിലാണ് ഏറ്റവും മോശം ഡ്രൈവിംഗ് സമയമുള്ളതെന്നാണ് കണ്ടെത്തല്‍. ന്യൂയോര്‍ക്കും ടൊറന്റോയുമാണ് പിന്നില്‍. മെട്രോ ഏരിയകളിലും മെക്‌സിക്കോ സിറ്റിയാണ് നമ്പര്‍ വണ്‍. പിന്നാലെ മെട്രോ വാന്‍കുവറും ഹാലിഫാക്‌സുമുണ്ട്. 

കോവിഡ് പാന്‍ഡെമിക്കിന്റെ ആഘാതത്തില്‍ നിന്നും പെട്ടെന്ന് കരകയറിയ നഗരങ്ങളിലാണ് 2022 ല്‍ ഉയര്‍ന്ന ട്രാഫിക് രേഖപ്പെടുത്തിയിരിക്കുന്നത്.