സംസ്ഥാന പൊലീസ് മേധാവി സ്ഥാനം; പട്ടിക തയാറാക്കി സർക്കാർ 

By: 600021 On: Feb 23, 2023, 12:26 AM

പൊലീസ് മേധാവി സ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കുന്ന അനിൽകാന്ത് ജൂണ്‍ 30ന് വിരമിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക തയാറാക്കി സർക്കാർ. 1989 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥൻ നിധിൻ അഗർവാളാണ് പട്ടികയിൽ ഒന്നാമൻ. ക്രൈംബ്രാഞ്ച് എഡിജിപി  ഷേക്ക് ദർവേഷ് സാഹിബ്, ഇൻറലിജൻസ് മേധാവി ടി കെ വിനോദ് കുമാർ, സപ്ലൈക്കോ എംഡി സ‍ഞ്ചീവ് കുമാർ പട്ജോഷി, ബെവ്ക്കോ എം ഡി  യോഗേഷ് ഗുപ്‌ത,എ.ഡി.ജി.പിമാരായ പദ്‌മകുമാർ,  ഹരിനാഥ് മിശ്ര, റാവഡാ ചന്ദ്രശേഖർ  എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥർ.  പട്ടികയിൽ ഉൾപ്പെട്ട  ഐപിഎസ് ഉദ്യോഗസ്ഥരോട് താൽപര്യപത്രം നൽകാൻ പൊലീസ് ആസ്ഥാനത്ത് നിന്നും ആവശ്യപ്പെട്ടു. താൽപര്യം നൽകുന്നവരുടെ പൂർണവിവരങ്ങള്‍ സംസ്ഥാനം കേന്ദ്രസർക്കാരിന് കൈമാറം. മാർച്ചിനുള്ളിൽ ഉന്നതതല സമിതി മൂന്ന് പേരുടെ പേരുകള്‍ നിർദ്ദേശിക്കുകയും മന്ത്രിസഭ ഇതിലൊരാളെ തിരഞ്ഞെടുക്കുകയും  ചെയ്യും.

അതേസമയം, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായി പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ വിഐപി സുരക്ഷയ്ക്കായി  സംസ്ഥാനത്ത് പ്രത്യേക തസ്തിക രൂപീകരിച്ചു. ഇൻറലിജൻസ് എഡിജിപിയുടെ കീഴിലാണ് പുതിയ തസ്തിക.  ഐപിഎസ് ഉദ്യോഗസ്ഥനാണ് വിഐപി സുരക്ഷ ചമതല.  ആംഡ് പൊലീസ് ബറ്റാലിയൻ എസ് പി. ആയ ജയ് ദേവിനെ വിഐപി സെക്യൂരിറ്റി ചുമതലയുള്ള എസ്പിയായി നിയമിച്ചു. സപ്ലൈക്കോ എംഡിയായിരുന്ന സഞ്ചീബ് കുമാർ പട്ജോഷിയെ കോസ്റ്റൽ സുരക്ഷയ്ക്കുള്ള എഡിജിപിയായും നിയമിച്ചു.