കാനഡയിലെ ആദ്യ സമ്പൂര്‍ണ ഹൈഡ്രജന്‍ കമ്മ്യൂണിറ്റി ആല്‍ബെര്‍ട്ടയില്‍ നിര്‍മിക്കുന്നു 

By: 600002 On: Feb 22, 2023, 12:04 PM


കാനഡയിലെ ആദ്യത്തെ സമ്പൂര്‍ണ ഹൈഡ്രജന്‍ പവേര്‍ഡ് കമ്മ്യൂണിറ്റി ആല്‍ബെര്‍ട്ടയില്‍ നിര്‍മിക്കാനൊരുങ്ങുകയാണ്. യൂട്ടിലിറ്റി പ്രൊവൈഡര്‍ ATCO യും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ ക്വാളികോ(Qualoco) യും സംയുക്തമായി എഡ്മന്റന് സമീപം സ്ട്രാത്‌കോണ കൗണ്ടിയില്‍ ബ്രെംനര്‍ എന്ന പ്രദേശത്താണ് പൂര്‍ണമായും ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി നിര്‍മിക്കാനൊരുങ്ങുന്നത്. ഇതിനായുള്ള പഠനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 2025 ഓടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ആദ്യത്തെ താമസക്കാര്‍ക്ക് കമ്മ്യൂണിറ്റിയില്‍ താമസം ആരംഭിക്കാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നചതെന്ന് കമ്പനികള്‍ അറിയിച്ചു. 

കമ്മ്യൂണിറ്റിയില്‍ നിര്‍മിക്കുന്ന വീടുകള്‍ സാധാരണ വീടുകള്‍ക്ക് സമാനമായ രീതിയില്‍ തന്നെയായിരിക്കും നിര്‍മിക്കുക. വീടിന്റെ പുറംഭാഗത്തുള്ള റെഗുലേറ്ററുകള്‍ അല്ലെങ്കില്‍ മീറ്ററുകളില്‍ മാത്രമാണ് മാറ്റമുണ്ടാവുക. കൂടാതെ ഫര്‍ണസ് അപ്ലെയന്‍സസിലും മാറ്റമുണ്ടാകും. നിര്‍മാണ ചെലവില്‍ വലിയ മാറ്റമൊന്നുമുണ്ടാകില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 

ആദ്യ രണ്ട് വികസന ഘട്ടങ്ങളില്‍ ഓരോന്നിലും വ്യത്യസ്ത തരത്തിലുള്ള നൂറ്റമ്പത് വീടുകള്‍ നിര്‍മ്മിക്കും. ആദ്യഘട്ടത്തില്‍ ഡെമോണ്‍സ്‌ട്രേഷന്‍ ഹോം നിര്‍മാണവും നടക്കും. 80,000 നും 85,000 നും ഇടയിലാണ് കമ്യൂണിറ്റികളില്‍ താമസക്കാരുടെ എണ്ണം. അത്തരത്തിലാണ് കമ്മ്യൂണിറ്റി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജല ലഭ്യതയ്ക്കും ഹീറ്റാക്കുന്നതിനുമായി പ്രദേശത്തെ ഹൈഡ്രജന്‍ ഹബ്ബില്‍ നിന്നുമാണ് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുകയെന്നും അധികൃതര്‍ അറിയിച്ചു.