ജാതി വിവേചനം നിരോധിച്ച ആദ്യ യുഎസ് നഗരമായി സിയാറ്റില്‍ 

By: 600002 On: Feb 22, 2023, 9:06 AM


ജാതി വിവേചനം നിരോധിക്കുന്ന ആദ്യ യുഎസ് നഗരമായി മാറിയിരിക്കുകയാണ് സിയാറ്റില്‍. സിറ്റി കൗണ്‍സിലിന്റെ വോട്ടെടുപ്പിന് ശേഷമാണ് ജാതിയെ അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവ് നിരോധിക്കുന്നതായി പ്രഖ്യാപിച്ചത്. ജാതി പക്ഷപാതത്തിനെതിരായ പോരാട്ടം എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ പോരാട്ടവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിയമനിര്‍മാണം എഴുതിയ സിറ്റി കൗണ്‍സിലിലെ ഏക ഇന്‍ഡോ-അമേരിക്കനായ ക്ഷമാ സാവന്ത് പറഞ്ഞു. അടുത്തകാലത്തായി യുഎസ് സര്‍വകലാശാലാ ക്യാമ്പസുകളില്‍ ഏര്‍പ്പെടുത്തിയ ജാതി വിവേചന നിരോധനങ്ങള്‍ക്ക് സമാനമായ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച സിയാറ്റില്‍ നിയമനിര്‍മാണം നടത്തിയത്. 

ഇന്ത്യയിലെ ജാതി  വ്യവസ്ഥ 3000 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. കൂടാതെ ഹിന്ദു സമൂഹത്തെ കര്‍ക്കശമായ ശ്രേണിപരമായ ഗ്രൂപ്പുകളായി വിഭജിക്കുന്നു. യുഎസില്‍ ജാതി പക്ഷപാതം കൂടുതല്‍ വ്യാപകമാകുന്നത് തടയാന്‍ ഇത് ആവശ്യമാണെന്ന് നിരോധനത്തെ അനുകൂലിച്ചവര്‍ പറയുന്നു. 

ജാതി വിവേചനം മറ്റ് രാജ്യങ്ങളില്‍ മാത്രമല്ല നടക്കുന്നതെന്ന് സാവന്ത് പറയുന്നു. അമേരിക്കയിലെ ദക്ഷിണേഷ്യന്‍ വംശജരും മറ്റ് കുടിയേറ്റ തൊഴിലാളികളും ടെക് മേഖലയിലുള്ളവരും ജാതിവിവേചനം നേരിടുന്നുണ്ട്. സിയാറ്റില്‍ ഉള്‍പ്പെടെ രാജ്യമെമ്പാടുമുള്ള നഗരങ്ങളിലെ ജോലിസ്ഥലങ്ങളില്‍ ജാതി വിവേചനം അഭിമൂഖീകരിക്കുന്നവരായിരിക്കും ഭൂരിഭാഗം പേരുമെന്ന് സാവന്ത് കൂട്ടിച്ചേര്‍ത്തു. അവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയുള്ള തുടക്കമാണിതെന്നും അവര്‍ പറഞ്ഞു.