രക്ഷിതാക്കളില്‍ മൂന്നില്‍ ഒരാള്‍ അനാവശ്യമായി കുട്ടികള്‍ക്ക് പനിക്കുള്ള മരുന്ന് നല്‍കുന്നു: സര്‍വേ 

By: 600002 On: Feb 22, 2023, 7:52 AM

ശൈത്യകാലത്ത് തങ്ങളുടെ കുട്ടികള്‍ രോഗബാധിതരാകുന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. പ്രത്യേകിച്ചും ആര്‍എസ്‌വി, കോവിഡ്-19 എന്നിവ പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളില്‍. ചെറിയൊരു അസുഖം വന്നാല്‍ പോലും ഉടന്‍ മരുന്ന് നല്‍കുന്നവരാണ് മിക്കവരും. ഇപ്പോള്‍ പുറത്തിറങ്ങിയ പുതിയ പഠനവും സൂചിപ്പിക്കുന്നത് മൂന്നിലൊന്ന് രക്ഷിതാക്കള്‍ അനാവശ്യമായി പനിക്കുള്ള മരുന്ന് കുട്ടികള്‍ക്ക് നല്‍കുന്നുണ്ടെന്നാണ്. മിഷിഗണ്‍ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ നടത്തിയ സര്‍വേയിലാണ് മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യമില്ലാത്തപ്പോള്‍ വേദനസംഹാരികള്‍ നല്‍കുന്നുണ്ടെന്ന് പറയുന്നത്. ചെറിയൊരു പനി ബാധിക്കുമ്പോഴേക്കും മരുന്ന് നല്‍കേണ്ട അവശ്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധത്തിന്റെ ഭാഗമാണെന്ന് അവര്‍ വ്യക്തമാക്കുന്നു. 

സിഎസ് മോട്ട് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നാഷണല്‍ പോള്‍ ഓണ്‍ ചില്‍ഡ്രന്‍സ് ഹെല്‍ത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. വിവിധ വിഷയങ്ങളില്‍ മാതാപിതാക്കളുടെ മനോഭാവമാണ് അക്കാഡമിക് വിദഗ്ധരും ഡോക്ടര്‍മാരും വിശകലനം ചെയ്തത്. 2022 ഓഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 12 വയസ്സിന് താഴെയുള്ള 1,376 ഓളം രക്ഷിതാക്കളിലാണ് സര്‍വേ നടത്തിയത്. ഇവരില്‍ മൂന്നിലൊന്ന് പേരും 100.4 ഡിഗ്രി ഫാരന്‍ഹീറ്റിന് താഴെയുള്ള അല്ലെങ്കില്‍ 38 ഡിഗ്രി സെഷ്യല്‍സിന് താഴെയുള്ള താപനിലയില്‍ കുട്ടികള്‍ക്ക് വേദനസംഹാരികളും പനിക്കുള്ള മരുന്നുകളും നല്‍കുന്നുണ്ടെന്ന് പ്രതികരിച്ചു. ഈ താപനിലയില്‍ പനിയുള്ളപ്പോള്‍ മരുന്ന് നല്‍കാന്‍ ഡോക്ടര്‍മാര്‍ ഒരിക്കലും ശുപാര്‍ശ ചെയ്യില്ലെന്ന് യൂണിവേഴ്‌സിറ്റിയിലെ ശിശുരോഗ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

ആവശ്യമില്ലാതെ നിരവധി മരുന്നുകള്‍ നല്‍കുന്നത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനിടയാക്കുമെന്നും രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്നും വിദഗ്ധര്‍ പറയുന്നു.