രാജ്യ വിരുദ്ധ ശക്തികള്‍ ഇന്ത്യക്കകത്തും പുറത്തും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്‍ററി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണെന്നും വിദേശ കാര്യമന്ത്രി എസ് ജയ് ശങ്കര്‍. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം കൊവിഡ് കാലം മുതല്‍ തുടങ്ങിയതാണ്. ഡോക്യുമെന്‍ററി ചിത്രീകരണത്തിനും പ്രചാരണത്തിനും പിന്നിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നും ഡോക്യുമെന്‍ററി പുറത്ത് വന്ന സമയം യാദൃശ്ചികമല്ലെന്നും കുറ്റപ്പെടുത്തിയ മന്ത്രി രാജ്യത്തിന്‍റെയും, പ്രധാനമന്ത്രിയുടെയും നിലപാട് തീവ്രമാണെന്ന് വരുത്താനാണ് ഡോക്യുമെന്‍ററിയിലൂടെ ശ്രമിച്ചതെന്നും ആരോപിച്ചു. അദാനി വിവാദവും ശക്തമായ പശ്ചാത്തലത്തിലാണ് മന്ത്രി ബിബിസി വിവാദത്തിലെ നിലപാട് വ്യക്തമാക്കുന്നത്.