ബോര്‍ഡര്‍ ഒഫിഷ്യലുകള്‍ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ പിടിച്ചെടുത്ത് മുറിയില്‍ പൂട്ടിയിട്ടുവെന്ന പരാതിയുമായി ഫ്‌ളോറിഡയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ ഫ്‌ളെയര്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരന്‍. ടൊറന്റോയില്‍ പഠനം നടത്തുന്ന മെക്‌സിക്കന്‍ പൗരനായ ലൂയിസ് അലബാര്‍ഡയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുന്നത്. ഫെബ്രുവരി 7 ന് കാന്‍കുനില്‍ നിന്നും ടൊറന്റോയിലേക്ക് പറന്ന ബോയിംഗ് 737 വിമാനമാണ് ഡീപ്രഷറൈസേഷന്‍ പ്രശ്‌നം മൂലം അടിയന്തരമായി ഫ്‌ളോറിഡയില്‍ ഇറക്കിയത്. ഇതില്‍ ഉണ്ടായിരുന്ന യാത്രക്കാരിലൊരാളായ അല്‍ബറാഡ, തന്റെ പക്കല്‍ വിസിറ്റര്‍ വിസ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ തടങ്കലിലാക്കിയതെന്ന് പറയുന്നു.
യുഎസില്‍ പ്രവേശിക്കാന്‍ താല്‍ക്കാലിക വിസ നല്‍കുമെന്നും ടൊറന്റോയിലേക്കുള്ള മറ്റൊരു വിമാനത്തിനായി കാത്തിരിക്കുമ്പോള്‍ ആവശ്യമായ എല്ലാ ചെലവുകളും വഹിക്കുമെന്നും ഫ്‌ളെയര്‍ ജീവനക്കാര്‍ യാത്രക്കാരോട് പറഞ്ഞിരുന്നുവെന്ന് അലബാര്‍ഡ പറയുന്നു. ഹൃദ്രോഗമുള്ള തനിക്ക് ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ സഹായത്തിനായി ആരും എത്തിയില്ലെന്നും അദ്ദേഹം പറയുന്നു.
ഒരു വര്‍ഷം മുമ്പ് യുഎസില്‍ പ്രവേശിക്കുന്നതിനായുള്ള അലബാര്‍ഡോയുടെ വിസിറ്റര്‍ വിസ റദ്ദാക്കിയിരുന്നു. വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കാന്‍ കഴിയാത്തതോടെയാണ് വിസ റദ്ദാക്കിയത്.
പിന്നീട് ടൊറന്റോയിലേക്കുള്ള വിമാനം ബുക്ക് ചെയ്തതിനു ശേഷം സ്‌പെഷ്യല്‍ റൂമില്‍ ഉദ്യോഗസ്ഥര്‍ കൊണ്ടിരുത്തുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് 30 മിനിറ്റ് കഴിഞ്ഞ് വാനില്‍ കയറ്റി എയര്‍ കാനഡ ഫ്‌ളൈറ്റില്‍ കയറ്റി വിടുകയായിരുന്നുവെന്നും അലബാര്‍ഡോ പറഞ്ഞു. വളരെ ഭയപ്പെടുത്തുന്ന ഒരു ദിനമായിരുന്നു തനിക്കതെന്ന് ഓര്‍ക്കുകയാണ് അദ്ദേഹം.