ആല്‍ബെര്‍ട്ടയിലെ ആരോഗ്യ മേഖലയില്‍ ബാക്ക്‌ലോഗുകളും ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് സമയവും: അര്‍ബുദ രോഗികള്‍ ദുരിതത്തിലെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Feb 21, 2023, 10:51 AM

ആല്‍ബെര്‍ട്ട ആരോഗ്യ മേഖലയില്‍ പ്രതിസന്ധി തുടരുന്നതായി അധികൃതര്‍. ക്യാന്‍സര്‍ രേഗികളുള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബാക്ക്‌ലോഗുകളും മെഡിക്കല്‍ ട്രീറ്റ്‌മെന്റിനും ഡോക്ടറെ കാണാനുമായുള്ള കാലതാമസം എന്നിവ മൂലം രോഗികള്‍ വലയുകയാണ്. ഇത് സംബന്ധിച്ച് എഡ്മന്റണിലെ ഒരു സ്ത്രീ തന്റെ അനുഭവം തുറന്നുപറയുകയാണ്. ഡിസംബറില്‍ അര്‍ബുദ രോഗ നിര്‍ണയം നടത്തിയെങ്കിലും ഇതുവരെയായിട്ടും ഒരു ഓങ്കോളജിസ്റ്റിനെ കാണാനോ തുടര്‍ ചികിത്സകള്‍ക്കായി സമീപിക്കാനോ സാധിച്ചിട്ടില്ല. ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കാനും ചികിത്സയ്ക്കുമായി ഏറെ നാള്‍ കാത്തിരിക്കേണ്ട വരുന്ന അവസ്ഥയാണെന്നും സമയം കഴിയുന്തോറും ആരോഗ്യ സ്ഥിതിയും മോശമായി വരുന്നുണ്ടെന്നും അവര്‍ പറയുന്നു. 

ആരോഗ്യ മേഖല നേരിടുന്ന ഈ പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ ആരോഗ്യ പരിപാലന സംവിധാനം മാറ്റേണ്ടിയിരിക്കുന്നുവെന്നും അതല്ലെങ്കില്‍ ബാക്ക്‌ലോഗുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുമെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. അതേസമയം, രോഗ നിര്‍ണയം മുതല്‍ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഫിസിഷ്യന്മാര്‍ രോഗികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് പറയുന്നു. കൂടാതെ ക്യാന്‍സറിനുള്ള സ്‌പെഷ്യലിസ്റ്റിനെ കാണുന്നതിന് സാധാരണയായി ആറ് മുതല്‍ എട്ട് ആഴ്ച വരെയാണ് കാത്തിരിപ്പ് സമയമെന്നും എഎച്ച്എസ് ചൂണ്ടിക്കാണിക്കുന്നു.