ബെംഗളൂരുവിലെ എയറോ ഇന്ത്യ ഷോ വ്യോമയാന പ്രദര്‍ശനത്തിൽ താരമായി വിവിഐപികളുടെ സുരക്ഷയ്ക്കായി തയ്യാറാക്കിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്. കാഴ്ചയില്‍ സാധാരണ കോട്ടന്‍ ജാക്കറ്റ് പോലെ തോന്നുമെങ്കിലും ഇത് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ചതാണെന്നും രാജ്യത്ത് വിഐപി സംരക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും നിർമാതാക്കളായ ട്രൂപ്പ് കംഫർട്ട്സ് ലിമിറ്റഡ് (ടിസിഎൽ) ജനറൽ മാനേജർ-ഓപ്പറേഷൻസ് രാജീവ് ശർമ്മ പ്രതികരിച്ചു. 1.8 കി.ഗ്രാം ഭാരമുള്ള കനംകുറഞ്ഞ പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അൾട്രാ ഹൈ മോളിക്യുലാർ വെയ്റ്റ് പോളിയെത്തിലീൻ ഉപയോഗിച്ച് നിർമ്മിച്ചതും 9x19 എംഎം വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നല്‍കുന്നതുമാണ്. പ്രതിരോധ മേഖലയില്‍ മാത്രമല്ല, സുരക്ഷാ ഭീഷണിയുള്ള സാധാരണക്കാര്‍ക്കടക്കം ഉപകാരപ്രദമാകുന്ന ജാക്കറ്റിന് അഞ്ച് വര്‍ഷത്തെ ഷെല്‍ ലൈഫാണുള്ളത്. വിവിഐപികൾക്ക് അവരുടെ സ്യൂട്ടിന് മുകളിൽ മറ്റ് തുണി ജാക്കറ്റുകളെ പോലെ ധരിക്കാവുന്ന രീതിയില്‍ പ്രത്യേകം വികസിപ്പിച്ചെടുത്ത ഈ ജാക്കറ്റ് ഉപയോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകും. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ സംരംഭമാണ് ട്രൂപ്പ് കംഫർട്ട്സ് ലിമിറ്റഡ്.