ജോർജ്ജ് സോറോസിനെ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

By: 600021 On: Feb 18, 2023, 11:46 PM

ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് സോറോസ് ന്യൂയോർക്കിലുള്ള പഴഞ്ചനും ധനികനുമായ നിർബന്ധബുദ്ധിയുള്ള ഒരു വ്യക്തിയാണെന്ന് പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.  ലോകം മുഴുവൻ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് താനാണ് തീരുമാനിക്കുന്നത് എന്ന് കരുതുന്ന ഇത്തരക്കാർ കഥകളുണ്ടാക്കാൻ മാത്രമാണ് അവരുടെ  വിഭവശേഷി ഉപയോ​ഗിക്കുന്നതെന്നും  ജയശങ്കർ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയൻ മന്ത്രി ക്രിസ് ബ്രൗണുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ വികലമായ ജനാധിപത്യം, തുറന്ന കാഴ്ച്ചപ്പാടുള്ള സമൂഹം തുടങ്ങിയ സോറോസിൻ്റെ  ആശയത്തെയും ജനാധിപത്യവാദിയാണോ എന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യം ചെയ്ത സോറോസിൻ്റെ  നടപടിയെയും ജയശങ്കർ വിമർശിച്ചു.  സോറോസ് ഭയത്തിന്റെയും മനോവിഭ്രാന്തിയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും സാമൂഹിക ഘടനയെ ദോഷകരമായി ബാധിക്കുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുകയാണെന്നും വിദേശകാര്യ മന്ത്രി വിമർശിച്ചു.   ഇന്ത്യയിൽ  നിർണായകമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് നടക്കുന്നതെന്നും എൻ്റെ സ്വന്തം ജനാധിപത്യത്തിലേക്ക് നോക്കുമ്പോൾ എനിക്ക് അഭിമാനമുണ്ടെന്നും  പറഞ്ഞ  ജയശങ്കർ  തെരഞ്ഞെടുപ്പ് പ്രക്രിയയെ ആരും ചോദ്യം ചെയ്യാറില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം മധ്യസ്ഥത തേടി കോടതിയെ സമീപിക്കേണ്ട കാര്യം  ഉണ്ടാവാറില്ലെന്നും വ്യക്തമാക്കി.