ആളുകളുടെ ശ്രദ്ധ മാറ്റി മോഷണം: മുന്നറിയിപ്പ് നല്‍കി കാല്‍ഗറി പോലീസ് 

By: 600002 On: Feb 18, 2023, 12:39 PM


ആളുകളുടെ ശ്രദ്ധ മാറ്റി മോഷണങ്ങള്‍ നടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കാല്‍ഗറി പോലീസ് സര്‍വീസ്(സിപിഎസ്). കടകളില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ കടകളിലെത്തുന്നവരുടെ ശ്രദ്ധ വ്യതിചലിപ്പിച്ച് പണവും വിലപിടിപ്പുള്ള ആഭരണങ്ങളും വസ്തുക്കളും മോഷ്ടിക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ജനുവരിയിലും ഫെബ്രുവരിയിലുമായി ഇത്തരത്തില്‍ നടന്ന 12 ഓളം തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. 

തട്ടിപ്പിനിരയാകുന്നവരില്‍ കൂടുതലും വൃദ്ധരാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇവരുടെ ക്രെഡിറ്റ് കാര്‍ഡുകളുടെ പാസ്‌വേഡുകള്‍ മനസ്സിലാക്കി ഇവരുടെ ശ്രദ്ധമാറ്റി കാര്‍ഡുകള്‍ തട്ടുന്നു. പിന്നീട് ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും പണം നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇരകള്‍ തിരിച്ചറിയുന്നത്. 

ഒന്നിലധികം തട്ടിപ്പുകാര്‍ സംഘമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കരുതുന്നതെന്നും കടകളില്‍ ഷോപ്പിംഗിനു പോകുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.