കാനഡയിലെ ചില വിമാനത്താവളങ്ങളില്‍ യൂസര്‍-പേ വര്‍ധിപ്പിക്കുന്നു 

By: 600002 On: Feb 18, 2023, 11:21 AM

കാനഡയില്‍ ചില വിമാനത്താവളങ്ങളില്‍ യൂസര്‍-പേ വര്‍ധിപ്പിക്കുന്നു. യാത്രക്കാര്‍, ഇന്ധനം, വിമാന ഫീസ് എന്നിവയില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്ന സംവിധാനമാണ് യൂസര്‍-പേ സിസ്റ്റം. പാന്‍ഡെമിക്കിന്റെ സമയത്ത് യാത്രക്കാരുടെ എണ്ണവും വിമാന സര്‍വീസും കുറഞ്ഞ സാഹചര്യത്തില്‍ എയര്‍പോട്ടുകളില്‍ വരുമാനവും കുറഞ്ഞിരുന്നു. പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതിനെ തുടര്‍ന്ന് യാത്രകള്‍ സജീവമായി. ഈസമയത്താണ് എയര്‍പോട്ടുകള്‍ യൂസര്‍-പേ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. 

എയര്‍പോര്‍ട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍, അറ്റകുറ്റപ്പണികള്‍, ജീവനക്കാരുടെ വേതനം എന്നിവയ്ക്കുള്ള ഫണ്ടിലേക്ക് എയര്‍പോര്‍ട്ട് ഇംപ്രൂവ്‌മെന്റ് ഫീസ്, പാസഞ്ചര്‍ ഫെസിലിറ്റി ഫീസ് എന്നിവയിലൂടെ തുക നീക്കിവെക്കും. കൂടാതെ ഫീസുകളില്‍ നിന്നും ലഭിക്കുന്ന തുക കടം വീട്ടാനും എയര്‍പോര്‍ട്ട് അതോറിറ്റികള്‍ ഉപയോഗിക്കുന്നു. 

ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട്, റെജിന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ആല്‍ബെര്‍ട്ടയിലെ മക്മുറെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ ഫീസ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.