എണ്ണ, വാതക വിലകൾ വർധിക്കുകയും ലോകം ആഗോള ഊർജ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കാനൊരുങ്ങി ഇന്ത്യ. നിലവില്‍ ഇറക്കുമതി ചെയ്യുന്ന 85 ശതമാനത്തിൽ 10 ശതമാനം എങ്കിലും കുറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാറിൻ്റെ ലക്ഷ്യം. സുസ്ഥിരവും സുരക്ഷിതവുമായ ഊർജ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പുതിയ ഐഒസി നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും കേന്ദ്രം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ആഴക്കടല്‍ പര്യവേക്ഷണം നടത്തുന്നതില്‍ വമ്പന്മാരെ ആകര്‍ഷിക്കാൻ ഇന്ത്യ പര്യാപ്തമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഈ വിഷയത്തില്‍ നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്നും ആഗോള ഗവേഷണ, കൺസൾട്ടൻസി ഓർഗനൈസേഷനായ വുഡ് മക്കെൻസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് നിര്‍മ്മാണത്തിലിരിക്കുന്നതും പ്രവർത്തനത്തിലുള്ളതുമായ വാതക പൈപ്പ് ലൈനുകൾ വിദൂര പ്രദേശങ്ങളില്‍ വരെ വിപണി സാധ്യത കൂട്ടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.