വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ആല്‍ബെര്‍ട്ട ഒന്നാമതെന്ന് പാര്‍ക്ക്‌സ് കാനഡ 

By: 600002 On: Feb 17, 2023, 11:07 AM


ഏറ്റവും കൂടുതല്‍ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്നത് ആല്‍ബെര്‍ട്ടയിലെന്ന് പാര്‍ക്ക്‌സ് കാനഡയുടെ റിപ്പോര്‍ട്ട്. 2010 നും 2021 നും ഇടയില്‍ കാനഡയിലെ വന്യജീവി ആക്രമണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ആല്‍ബെര്‍ട്ടയില്‍ വന്യമൃഗത്താല്‍ ആളുകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയേറെയുണ്ടെന്ന കണ്ടെത്തലുണ്ടായത്. പഠനറിപ്പോര്‍ട്ട് സ്‌പോര്‍ട്ടിംഗ് പീഡിയ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്‍ക്ക് എന്ന വന്യമൃഗമാണ് ഏറ്റവും കൂടുതല്‍ ആളുകളെ ആക്രമിച്ചിട്ടുള്ളതെന്നും പഠനത്തില്‍ പറയുന്നു. 

എല്‍ക്കിന് പിന്നാലെ ഗ്രിസ്ലി എന്നൊരിനം കരടിയും കറുത്ത കരടിയുമാണ്(black bear) ഏറ്റവും അപകടകാരികള്‍. കാനഡയിലെ ദേശീയോദ്യാനങ്ങളില്‍ വിനോദസഞ്ചാരത്തിനും സാഹസികയാത്രയ്ക്കും ട്രക്കിംഗിനുമായെത്തുന്നവര്‍ക്ക് നേരെയാണ് വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ഏറ്റവും കൂടുതലുണ്ടാകുന്നത്. പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്. 

2010 നും 2021 നും ഇടയില്‍ 3,726 വന്യജീവി ആക്രമണങ്ങളാണ് ആല്‍ബെര്‍ട്ടയില്‍ ഉണ്ടായിട്ടുള്ളതെന്ന് സ്ഥിതിവിവര കണക്കുകള്‍ പറയുന്നു. ഇവയില്‍ ഭൂരിഭാഗവും(2,299) എല്‍ക്ക് ആക്രമിച്ചവയാണ്. ഗ്രിസ്ലി കരടി ആക്രമണങ്ങള്‍ 431 ഉം, ബ്ലാക്ക് ബിയര്‍ ആക്രമണങ്ങള്‍ 243 മാണ് രേഖപ്പെടുത്തിയിരിക്കുന്നത്.