കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാന്‍ 158 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 

By: 600002 On: Feb 17, 2023, 6:25 AM


പ്രവിശ്യയിലെ ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമായി കൂടുതല്‍ ഫിസിഷ്യന്മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും നിയമിക്കുമെന്നും ഇതിനായി വരാനിരിക്കുന്ന ബജറ്റില്‍ 158 മില്യണ്‍ ഡോളര്‍ നീക്കിവെക്കുമെന്നും ആല്‍ബെര്‍ട്ട ആരോഗ്യമന്ത്രി ജേസണ്‍ കോപ്പിംഗ് അറിയിച്ചു. തൊഴില്‍ശക്തി വികസിക്കുകയാണെന്നും ജനസംഖ്യയില്‍ പ്രായം കൂടി വരുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ആരോഗ്യ മേഖലയില്‍ ആവശ്യങ്ങള്‍ വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാഫുകളുടെ ക്ഷാമം ഇതിന് വെല്ലുവിളിയായി തീരും. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പുതിയ പദ്ധതി. ഫെബ്രുവരി 28 നാണ് ബജറ്റ് അവതരണം. 

മതിയായ ഡോക്ടര്‍മാരില്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്ന ഗ്രാമീണ മേഖലകളിലേക്ക് ഫിസിഷ്യന്മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പ്രോഗ്രാമുകള്‍ക്ക് ഫണ്ടിന്റെ പകുതിയും ഉപയോഗിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ സേവനം കൃത്യമായി ലഭിക്കാത്ത കമ്മ്യൂണിറ്റികളെ സഹായിക്കുന്നതിനും തുക വിനിയോഗിക്കും. യുകെ, യുഎസ് എന്നിവടങ്ങളുള്‍പ്പെടെ നിന്നുള്ള അന്താരാഷ്ട്ര നഴ്‌സുമാരെ പരിശീലിപ്പിക്കാനും ഫണ്ട് പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.