വർഷാവസാനത്തോടെ ഐഎന്‍എസ് വിക്രാന്ത് പൂര്‍ണ്ണമായി വിന്യസിക്കുമെന്ന് നാവിക സേനാ മേധാവി

By: 600021 On: Feb 16, 2023, 6:17 PM

ഈ വര്‍ഷം അവസാനത്തോടെ  ഐഎന്‍എസ് വിക്രാന്ത് വിമാന വാഹിനി പൂര്‍ണ്ണമായ രീതിയില്‍ വിന്യസിക്കാനാവുമെന്ന് നാവിക സേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച  ഐഎന്‍എസ് വിക്രാന്ത് നിലവില്‍ കൃത്യമായ ഇടവേളകളില്‍ കടലില്‍ ഇറങ്ങുകയും തൃപ്തികരമായ  പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ത സാഹചര്യങ്ങളിലായി വിവിധ വിമാനങ്ങളെ ഉപയോഗിച്ചുള്ള പരിശീലനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 2022 സെപ്റ്റംബര്‍ 2നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പൽ ഐ എന്‍ എസ് വിക്രാന്ത് കൊച്ചിയില്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കളുപയോഗിച്ച് നിർമിച്ച കൂറ്റൻ യുദ്ധക്കപ്പലിന് കടലിൽ  30 യുദ്ധവിമാനങ്ങളും പത്തോളം ഹെലികോപ്റ്ററുകളും വഹിക്കാനുള്ള  ശേഷിയുണ്ട്.1971 -ലെ ഇന്തോ- പാക് യുദ്ധത്തിൽ നിർണായകപങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിനും വിക്രാന്ത് എന്ന് പേര് വന്നത്.